കൊല്ലം : എൻ.സി.പി. നേതാവ് യുവതിയെ കടന്നുപിടിച്ചെന്ന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. പെൺകുട്ടിയുടെ അച്ഛനുമായി മന്ത്രി ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു. പ്രശ്നം അടിയന്തരമായി നല്ലനിലയിൽ തീർക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. അതിനിടെ ചൊവ്വാഴ്ച വൈകി എൻ.സി.പി. സംസ്ഥാന നിർവാഹകസമിതിയംഗം ജി.പത്മാകരന്റെപേരിൽ കുണ്ടറ പോലീസ് കേസെടുത്തു. പാർട്ടി പ്രവർത്തകനായ രാജീവിന്റെപേരിലും കേസെടുത്തിട്ടുണ്ട്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു സമയംമുതൽ ആരംഭിച്ച തർക്കമാണ് വിഷയത്തിലേക്കു നയിച്ചത്. പെൺകുട്ടിയുടെ അച്ഛൻ പ്രാദേശിക എൻ.സി.പി. നേതാവാണ്. എന്നാൽ പെൺകുട്ടി യുവമോർച്ച പ്രവർത്തകയാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. അന്നുമുതൽ പെൺകുട്ടിയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഉപയോഗിച്ചതായി പരാതിയുണ്ടായിരുന്നു.

അതിനുശേഷം പെൺകുട്ടി പരാതിയിൽ പറയുന്ന എൻ.സി.പി. നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോൾ കടയിലേക്ക് വിളിച്ചുകയറ്റി കൈയിൽ പിടിച്ചെന്നാണ് പരാതി. കഴിഞ്ഞ 28-നാണ് കുണ്ടറ പോലീസിൽ പരാതിനൽകിയത്. എന്നാൽ വിഷയം പഠിക്കട്ടെയെന്നായിരുന്നു പോലീസിന്റെ നിലപാട്. പിന്നീട് പെൺകുട്ടി സിറ്റി പോലീസിലടക്കം പരാതിനൽകി. ഇതിനിടയിലാണ് പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രൻ പെൺകുട്ടിയുടെ അച്ഛനെ ബന്ധപ്പെട്ടത്. എന്നാൽ പാർട്ടിക്കാർ തമ്മിലുള്ള കുടുംബപ്രശ്നമാണെന്നും പാർട്ടിയുടെ നിർദേശപ്രകാരമാണ് മന്ത്രി വിളിച്ചതെന്നുമാണ് സംഘടനയുടെ വിശദീകരണം.

സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനാണ് പത്മാകരന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ മോശപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പിൽ പ്രചാരണം നടത്തിയതിനാണ് രാജീവിന്റെ പേരിൽ കേസ്‌.

പീഡനപരാതിയാണെന്ന് അറിയാതെയാണ് താൻ വിളിച്ചതെന്ന് മന്ത്രിയും വിശദീകരിച്ചു. പാർട്ടിക്കാരനെതിരേ ആക്ഷേപമുയർന്ന സാഹചര്യത്തിൽ എന്താണെന്ന് അറിയാൻവേണ്ടിയാണ് വിളിച്ചതെന്നും മന്ത്രി പറയുന്നു.

മന്ത്രി രാജിവെക്കണം

: ഇരയായ പെൺകുട്ടിയുടെ അച്ഛനോട് കേസ് തീർപ്പാക്കാൻ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ ഇരയെ വേട്ടയാടുന്ന മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും രാജിവെക്കണമെന്നും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻറും ഡി.സി.സി. സെക്രട്ടറിയുമായ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.