: പ്രളയപുനർനിർമാണ ഫണ്ട് സ്വരൂപിക്കാനായുള്ള മന്ത്രിമാരുടെ വിദേശയാത്ര ബുധനാഴ്ച തുടങ്ങാനിരിക്കെ, കേന്ദ്രസർക്കാരിന്റെ അനുമതിയെച്ചൊല്ലി അനിശ്ചിതത്വം. രണ്ടാഴ്ചമുമ്പ് ഇതിനായി കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനൊഴികെയുള്ളവർക്ക് അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് നൽകിയ അനുമതിയിൽ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്ന കേന്ദ്രനിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

മറ്റുള്ളവർക്കും വരുംദിവസങ്ങളിൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെങ്കിലും നിശ്ചയിച്ച ദിവസങ്ങളിൽ യാത്ര നടക്കുമോ എന്ന്‌ ഉറപ്പുപറയുന്നില്ല. രണ്ടാഴ്ചമുമ്പാണ് പൊതുഭരണ വകുപ്പുവഴി യാത്രയ്ക്കായി കേന്ദ്രാനുമതി തേടിയത്. 17 മുതൽ 22 വരെയാണു യാത്ര നിശ്ചയിച്ചിരുന്നത്.

വിദേശമലയാളികൾ നേതൃത്വം നല്കുന്ന സംഘടനകളാണ് പല രാജ്യങ്ങളിലും മന്ത്രിതല സംഘത്തിന്റെ സ്പോൺസർമാർ. ചില സംഘടനകൾ രജിസ്‌ട്രേഷനോ മറ്റു നടപടിക്രമങ്ങൾ പാലിച്ചോ പ്രവർത്തിക്കുന്നതല്ലെന്നാണ്‌ കേന്ദ്ര എംബസികൾ അറിയിച്ചത്. യാത്ര തടസ്സത്തിന് ഇതും കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.

മന്ത്രിമാരെ ക്ഷണിച്ചത് അംഗീകൃത സംഘടനകൾ തന്നെയാണെന്നാണ് സംസ്ഥാനസർക്കാരിന്റെ വിശദീകരണം. മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് കേന്ദ്രസർക്കാരിൽനിന്നുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് ആണ് ഇനി ലഭിക്കേണ്ടത്. അത് ലഭിച്ചാൽ മാത്രമേ വിസ സ്റ്റാമ്പിങ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാകൂ.

മന്ത്രിമാർക്കൊപ്പം വിദേശസന്ദർശനം നടത്തുന്ന ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. പ്രവാസികളുമായി ചർച്ചനടത്തേണ്ട വിഷയങ്ങൾ, ആവശ്യമായ പക്ഷം അതത് രാജ്യങ്ങളിലെ അംബാസഡർമാരുടെ തലത്തിൽ നടത്തേണ്ട ആശയവിനിമയം എന്നിവയിൽ ധാരണയായി. യാത്രയ്ക്കായി രണ്ടുകോടിയോളം രൂപ ചെലവുവരുമെന്നാണ് കണക്കാക്കിയത്. അതിനനുസരിച്ച് ഗുണം ലഭിക്കുമോയെന്നതിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഭീകര പ്രവർത്തനത്തിന് തടയിടുന്നതിന്റെ ഭാഗമായി ചില ഗൾഫ് രാജ്യങ്ങളിൽ സംഘടനകൾക്കായുള്ള പണപ്പിരിവ് നിരോധിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ ഇത് വെല്ലുവിളിയാകുമോ എന്ന് ആശങ്കയുണ്ട്. യു.എ.ഇ.യിലും മറ്റും ലോക കേരളസഭാ പ്രതിനിധികളിൽ ചിലരുടെ സ്വാധീനം ഉപയോഗപ്പെടുത്തി ഇത്തരം തടസ്സങ്ങൾ മറികടക്കാമെന്നാണ് സർക്കാർ കരുതുന്നത്.

സംഘത്തിൽ ഐ.പി.എസുകാരും: യാത്രയ്ക്കുമുമ്പേ വിവാദം

വിദേശ സന്ദർശനത്തിന് തയ്യാറെടുക്കുന്ന മന്ത്രിതല സംഘത്തിൽ ഐ.പി.എസുകാരും ഐ.എഫ്.എസുകാരും ഇടം പിടിച്ചത് വിവാദമാവുന്നു. മന്ത്രിമാർക്കൊപ്പം മുതിർന്ന സെക്രട്ടറിമാരും വിദേശരാജ്യങ്ങൾ സന്ദർശിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ സംഘത്തിൽ വേണമെന്ന് ചില മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അപ്പോൾത്തന്നെ വെട്ടിയിരുന്നു.

പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഉദ്യോഗസ്ഥ സംഘത്തെ നിശ്ചയിച്ചപ്പോൾ അതിൽ ജൂനിയർ ഐ.എ.എസുകാരും ഐ.പി.എസുകാരും ഐ.എഫ്.എസുകാരുമൊക്കെ ഉൾപ്പെടുകയായിരുന്നു. അന്വേഷണം നേരിടുന്ന ചില ഉന്നത ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ടെന്നും ആക്ഷേപമുണ്ട്.