തിരുവനന്തപുരം : കഴിഞ്ഞമാസങ്ങളിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 7500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. വീടുകൾ, കൃഷി, റോഡുകൾ, വൈദ്യുതി, മറ്റു അടിസ്ഥാനസൗകര്യമേഖലകൾ എന്നിവയുടെ നഷ്ടമാണ് റവന്യൂവകുപ്പ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്.

തിങ്കളാഴ്ചമുതൽ കേന്ദ്രസംഘം ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കും. ദുരന്തമേറെയുണ്ടായ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ നാശനഷ്ടം സംഘം പ്രത്യേകം വിലയിരുത്തും. 20-ന് തിരുവനന്തപുരത്തെത്തുന്ന സംഘത്തിന് റവന്യൂവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് കൈമാറും.

കേന്ദ്രസഹായം ആവശ്യപ്പെടുന്നതിനുള്ള കരട് നിവേദനം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരുമായി റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക ചർച്ച നടത്തും. കേന്ദ്രത്തോട് ആവശ്യപ്പെടേണ്ട തുക അതിനുശേഷം തീരുമാനിക്കും.

നഷ്ടം 7500 കോടിയോളമെന്ന് നിർണയിച്ചിട്ടുണ്ടെങ്കിലും വകുപ്പുകൾ നൽകിയ കണക്കുകൾ മാനദണ്ഡം അനുസരിച്ച് ക്രോഡീകരിക്കേണ്ടതുണ്ട്. ഇക്കൊല്ലം റോഡുകളും പാലങ്ങളും തകർന്ന് 3562 കോടിയുടെ നഷ്ടമുണ്ടായതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. റോഡുകൾക്ക് 2946 കോടി, 132 പാലങ്ങൾക്ക് 166 കോടി, ദേശീയപാതവിഭാഗത്തിന്റെ 308 കിലോമീറ്റർ റോഡുകൾക്കായി 450 കോടി എന്നിങ്ങനെയാണ് നഷ്ടം. 1728 റോഡുകളിലെ 4896 കിലോമീറ്റർ ദൂരത്തിൽ കലുങ്ക്, സംരക്ഷണഭിത്തികൾ, കാനകൾ അടക്കം 396 നിർമിതികൾക്കും കേടുപാട് സംഭവിച്ചു. 2018 ലെ പ്രളയത്തിൽ 14,066 കോടിയുടെ നഷ്ടമാണു പൊതുമരാമത്ത് വകുപ്പിനുണ്ടായത്.

17,000- ത്തോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇതിൽ 1800 വീടുകൾ പൂർണമായും 15,200 വീടുകൾ ഭാഗികമായും തകർന്നു. കാർഷികമേഖലയിൽ രണ്ടായിരംകോടിയാണ് നഷ്ടംകണക്കാക്കുന്നത്. ഇതിൽ വിളനാശംമാത്രം 1188 കോടിവരുമെന്നായിരുന്നു ആദ്യഘട്ട വിലയിരുത്തൽ. കൃഷിഭൂമിയുടെയും മറ്റും നഷ്ടമാണ് അധികമായി കണക്കാക്കിയിട്ടുള്ളത്.

ഒന്നേകാൽ ലക്ഷത്തോളം കർഷകരെ പ്രളയം ബാധിച്ചു. എന്നാൽ കൃഷിനാശത്തിന് കേന്ദ്രമാനദണ്ഡപ്രകാരമുള്ള തുക മാത്രമാണ് ആവശ്യപ്പെടാനാകുക. വിളകൾക്ക് കർഷകർക്ക് നൽകുന്ന നഷ്ടത്തിൽ സംസ്ഥാനവിഹിതമാണ് കൂടുതൽ. മൃഗസരംക്ഷണം, വൈദ്യുതി, ജലസേചന വകുപ്പുകളുടെ നഷ്ടവും അവർ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്.

 content highlights: Kerala floods: Central team to visit state to assess damage