തൃശ്ശൂർ: പ്രകൃതിദുരന്തമുണ്ടായ സംസ്ഥാനങ്ങൾ പ്രത്യേക ദുരന്തനിവാരണസേന രൂപവത്കരിച്ചിട്ടും കേരളം അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. തമിഴ്‌നാട്, ഒഡിഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ദുരന്തനിവാരണസേനാ ബറ്റാലിയനുകൾ വന്നുകഴിഞ്ഞു. ഇപ്പോൾ സംസ്ഥാന പോലീസിന്റെ കീഴിൽ നൂറിൽ താഴെ അംഗങ്ങളുള്ള റാപ്പിഡ് റെസ്‌ക്യൂ റെസ്‌പോൺസ് ഫോഴ്‌സ് (ആർ.ആർ.ആർ.എഫ്.) വിഭാഗം മാത്രമാണുള്ളത്. രക്ഷാപ്രവർത്തനവും വി.വി.ഐ.പി. ഡ്യൂട്ടിയും അടക്കമുള്ള നിരവധി ചുമതലകൾ ഈ സംവിധാനത്തിനുണ്ട്.

സുനാമി, ഓഖി, പ്രളയം എന്നിവ കേരളത്തിലുണ്ടായ സാഹചര്യത്തിലാണ് പ്രത്യേക ദുരന്തനിവാരണസേനയുടെ പ്രസക്തിയേറുന്നത്.

സംസ്ഥാന പോലീസിലെ ചില സംഘടനകൾത്തന്നെ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. 26-ന് കൊച്ചിയിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രളയാനന്തര കേരളത്തെക്കുറിച്ച് നടത്തുന്ന സെമിനാറിൽ ഉയർത്തിക്കാട്ടുന്ന പ്രധാന വിഷയങ്ങളിലൊന്ന് ഇതാണ്. പ്രത്യേക സേന എന്ന ആശയം സർക്കാരിനു മുന്നിൽ അസോസിയേഷൻ അവതരിപ്പിക്കും.

2015-ൽ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്നാണ് തമിഴ്‌നാട് ആയിരത്തോളം അംഗങ്ങളുള്ള പ്രത്യേക ബറ്റാലിയൻ രൂപവത്കരിച്ചത്.

ദുരന്തമുണ്ടാകുമ്പോൾ ദേശീയ ദുരന്തനിവാരണസേനയാണ് ഇപ്പോൾ വലിയ രക്ഷാപ്രവർത്തനത്തിനുള്ള ഏജൻസി. ചെന്നൈ ആസ്ഥാനമുള്ള ബറ്റാലിയന് കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ എന്നിവിടങ്ങളുടെ ചുമതലയാണുള്ളത്.

സംസ്ഥാനസേന അത്യാവശ്യം

പ്രാദേശികഭാഷയിൽ ആളുകളോട് സംസാരിക്കാവുന്ന ഒരു സേന ഉടനടി ദുരന്തസ്ഥലത്തെത്തണം. അതിന് സംസ്ഥാനസേനതന്നെ വേണം. ഇത്തരം സേനകൾ രക്ഷാപ്രവർത്തനത്തെക്കുറിച്ച് ജനങ്ങളെ പരിശീലിപ്പിക്കുകയും വേണം. -മുരളി തുമ്മാരുകുടി, ദുരന്തലഘൂകരണവിഭാഗം മേധാവി, ഐക്യരാഷ്‌ട്രസംഘടന.