കൊച്ചി: നാടിന്റെ ദുരിതങ്ങൾ വിവരിച്ച് വിദ്യാർഥികളെഴുതിയ കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. റോഡും വാഹനങ്ങളും ചികിത്സാസൗകര്യവുമില്ലാതെ വലയുന്ന ഇടുക്കിയിലെ മ്ളാമലയുടെ ദുരിതങ്ങൾ വിവരിച്ചാണ് വിദ്യാർഥികൾ കത്തെഴുതിയത്.

വണ്ടിപ്പെരിയാർ മ്ളാമലയിലെ സെയ്ന്റ് ഫാത്തിമ സ്കൂളിലെ വിദ്യാർഥികളുടെ കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനും ജസ്റ്റിസ് എ.എം. ഷെഫീഖിനുമാണ് കിട്ടിയത്. പ്രളയത്തിൽ നാട് ആകെ തകർന്നതായി കത്തിൽ പറയുന്നു. ദുരിതങ്ങൾക്കു പരിഹാരം കാണാൻ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാർ ഡാമിനുതാഴെയുള്ള മ്ളാമലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ശാന്തിപ്പാലം, കീരിക്കര നൂറടിപ്പാലം എന്നിവ 2018-ലെ പ്രളയത്തിൽ തകർന്നു. റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണത്തിന് സർക്കാർ ചെറിയ തുകയാണ് അനുവദിച്ചിരിക്കുന്നത്.

100 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളേജിനെയാണ് അടിയന്തര ചികിത്സയ്ക്ക് എല്ലാവരും ആശ്രയിക്കുന്നത്. മതിയായ ഗതാഗത സൗകര്യമുണ്ടായാൽ നാട്ടിൽ വികസനമുണ്ടാകും. വിനോദസഞ്ചാര മേഖലയിലടക്കം സാധ്യതകളുണ്ടെന്നും കത്തിൽ പറയുന്നു. തങ്ങളുടെ സ്കൂളിൽ 800 കുട്ടികളും അടുത്ത് രണ്ട് പബ്ളിക് സ്കൂളുകളിലായി 600 കുട്ടികളും പഠിക്കുന്നുണ്ട്. ഇവരെയെല്ലാം പ്രതിനിധാനം ചെയ്താണ് കത്തെഴുതുന്നതെന്നും വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാരെ നാട് കാണാനും കുട്ടികൾ ക്ഷണിച്ചിട്ടുണ്ട്. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ ഡിയോൺ ചാക്കോ, ഗ്രീഷ്മ രാജീവ്, ഗ്രേസ് മോൾ ജോജി എന്നിവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. കത്ത് സ്വമേധയാ ഹർജിയായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന സർക്കാർ, പൊതുമരാമത്ത്, തദ്ദേശവകുപ്പ്, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, ഇടുക്കി ജില്ലാ കളക്ടർ എന്നിവരെ ഹർജിയിൽ എതിർകക്ഷികളാക്കി. കത്തിൽ പറയുന്ന പ്രദേശങ്ങൾ ഏതു പഞ്ചായത്തുകളുടെ കീഴിലാണെന്നു വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Content Highlights: kerala flood; students sent letter to high court, court intervenes the issue