തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന് 2101.9 കോടിയുടെ അടിയന്തരസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസംഘത്തിന് നിവേദനംനൽകി. നാശനഷ്ടങ്ങളുടെ ലഭ്യമായ കണക്കുകളനുസരിച്ച് കേന്ദ്രമാനദണ്ഡപ്രകാരമുള്ള സഹായമാണിത്. യഥാർഥനഷ്ടം ഇതിന്റെ നാലിരട്ടി വരുമെന്നും അതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് വിശദമായ നിവേദനം കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

പ്രളയബാധിതസ്ഥലങ്ങൾ സന്ദർശിച്ചശേഷം തലസ്ഥാനത്തെത്തിയ കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ നിവേദനംകൂടി പരിഗണിച്ച് സന്ദർശന റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുണ്ടായ പ്രളയത്തെയും ഉരുൾപൊട്ടലിനെയും തുടർന്ന് സംസ്ഥാനത്ത് 1038 ഗ്രാമങ്ങൾ പ്രളയബാധിതമായി പ്രഖ്യാപിച്ചിരുന്നു. 125 പേർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയുംചെയ്തു. 2200 വീടുകൾ പൂർണമായും 2,10,000 വീടുകൾ ഭാഗികമായും തകർത്തു. ഓഗസ്റ്റിലെ മഴയിൽ മാത്രം എണ്ണായിരം ഹെക്ടർ പ്രദേശത്തെ കൃഷിയാണ് നശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

വീടുകൾ തകർന്ന റവന്യൂനഷ്ടം കൂടാതെ കൃഷി, ജലവിഭവം, വൈദ്യുതി, റോഡ്, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലും കനത്തനഷ്ടം സംസ്ഥാനത്തുണ്ടായി. ഉരുൾപൊട്ടൽ മേഖലയിൽ ഒരു ഗ്രാമംതന്നെ ഒലിച്ചുപോയതായി കേന്ദ്രസംഘത്തിന് ബോധ്യമായിട്ടുണ്ടെന്നും എന്നാൽ കേന്ദ്രമാനദണ്ഡപ്രകാരം മാത്രമേ സഹായം ആവശ്യപ്പെടാനാകൂ എന്നതിനാലാണ് 2101 കോടി ഇപ്പോൾ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

തകർന്ന വീടുകൾക്ക് നിരപ്പായ സ്ഥലങ്ങളിൽ 95,100 രൂപയും മലയോരമേഖലയിൽ 1.01 ലക്ഷം രൂപയുമാണ് കേന്ദ്രത്തിൽനിന്ന് ലഭിക്കുക. എന്നാൽ സംസ്ഥനം നാലുലക്ഷം രൂപ വീതം നൽകും. കാർഷിക മേഖലയിൽമാത്രം 2000 കോടിയുടെ നഷ്ടമാണുണ്ടായെന്നാണ് കണക്കുകൾ. എന്നാൽ, മാനദണ്ഡപ്രകാരം 66.3 കോടിക്കുമാത്രമാണ് അർഹത.

ഗ്രാമീണ മേഖലയിലേതടക്കം ഒരു ലക്ഷം കിലോമീറ്റർ റോഡു തകർന്നു. ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ പൊതുമരാമത്ത് നിരക്ക് അനുസരിച്ച് 13 ലക്ഷം രൂപ വേണം. എന്നാൽ കേന്ദ്ര മാനദണ്ഡപ്രകാരം 60,000 രൂപയെ ഒരു കിലോമീറ്ററിന് ലഭിക്കു. ഇതുകൂടി കണക്കിലെടുത്താണ് യഥാർഥനഷ്ടം ചൂണ്ടിക്കാട്ടി പ്രത്യേക പാക്കേജ് ആവശ്യപ്പെടുകയെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം 16-നാണ് സംസ്ഥാനത്തെത്തിയത്. പ്രളയം ബാധിച്ച ഏഴുജില്ലകൾ അവർ സന്ദർശിച്ചു. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എ.സി. മൊയ്തീൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

വിവിധമേഖലകളിൽ ആവശ്യപ്പെട്ട സഹായം: കോടി രൂപയിൽ

വീടുകൾ 748.6 കോടി.

അടിയന്തര രക്ഷാപ്രവർത്തനം 316.22

ദുരിതാശ്വാസ ക്യാമ്പ് 245.1

പൊതുമരാമത്ത് റോഡുകൾ 203.5

പൊതുമുതൽ 168.3

ജലസേചനം 116.1

വൈദ്യുതി 102.3

കൃഷി 66.3

വസ്ത്രം, വീട്ടുപകരണങ്ങൾ 52.97

മൃഗസംരക്ഷണം 44.7

Content Highlights: kerala flood-special package-immediate assistance of Rs 2000 crore