ചെറുതോണി: കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തുരുത്തിൽ പ്രാണഭയത്തോടെ കാത്തിരുന്ന 17 വളർത്തുമൃഗങ്ങൾ ഇനിയും ജീവിക്കും. ‘ഈ തുരുത്തിലുണ്ട് 17 ജീവനുകൾ’ എന്ന കഴിഞ്ഞദിവസത്തെ മാതൃഭൂമി വാർത്ത ശ്രദ്ധയിൽപ്പെട്ട ഇടുക്കി കളക്ടർ കെ. ജീവൻ ബാബു മിണ്ടാപ്രാണികളെ സഹായിക്കാൻ മുന്നിട്ടിറങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ 17 അംഗ സംഘം ഞായറാഴ്ച ആറര മണിക്കൂർ പ്രയത്നത്തിനൊടുവിൽ, പെരിയാറ്റിലെ തുരുത്തിൽപെട്ട മൃഗങ്ങൾക്ക് ഭക്ഷണം എത്തിച്ചുനൽകി.

കുത്തൊഴുക്ക് മറികടന്ന് മൃഗങ്ങളെ ഇക്കരെ എത്തിക്കുകയെന്നത് അസാധ്യമായതിനാൽ വൈകുന്നേരം ആറരയോടെ ദുരന്തനിവാരണ സേനാംഗങ്ങൾ മടങ്ങി. കുഞ്ഞുങ്ങളുൾപ്പെടെ ആറ് നായകൾ, രണ്ട് പൂച്ചകൾ, ഏഴ് പന്നികൾ, രണ്ട് കോഴികൾ എന്നിവയ്ക്കായി ഒരാഴ്ചത്തേക്കുള്ള ഭക്ഷണം എത്തിച്ചുനൽകിയ ശേഷമായിരുന്നു ഇവരുടെ മടക്കം. മൃഗങ്ങളെ കരയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമം സംബന്ധിച്ച് തിങ്കളാഴ്ച വീണ്ടും ആലോചിക്കുമെന്ന് ഇടുക്കി എ.ഡി.എം. പി.ജി. രാധാകൃഷ്ണൻ പറഞ്ഞു.

kerala flood
 തുരുത്തില്‍ അകപ്പെട്ട 17 മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനാംഗത്തിന്റെ ശ്രമം.  ഫോട്ടോ: പിപി ബിനോജ്‌
 

വെള്ളിയാഴ്ച ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെയാണ് വെള്ളക്കയത്തിനു സമീപം പെരിയാറ്റിലെ തുരുത്തിൽ 17 മൃഗങ്ങൾ കുടുങ്ങിയത്. വെള്ളക്കയം കുറ്റാക്കുഴിയിൽ മോഹനന്റെയും അമ്പിളിയുടെയും വളർത്തുമൃഗങ്ങളാണിവ. മകൻ അഭിലാഷിനൊപ്പം 10 സെന്റ് വീട്ടിൽ കഴിയുന്ന ഇവരുടെ ഏക ആശ്രയമായിരുന്നു പെരിയാറിലെ ഈ തുരുത്ത്. ഇവിടെ തൊഴുത്തും പന്നിക്കൂടും സ്ഥാപിച്ചാണ് മോഹനൻ കുടുംബം പോറ്റിയിരുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡാമിന്റെ മുഴുവൻ ഷട്ടറും തുറന്നതോടെ മൂന്നു പശുക്കളുമായി മോഹനനും അഭിലാഷും ഇക്കരയെത്തി. ഇവരോടൊപ്പം ഉണ്ടായിരുന്ന നായകളെയും മറ്റു മൃഗങ്ങളെയും കരയിലെത്തിക്കാൻ ശ്രമിക്കുമ്പോഴേക്കും വെള്ളം ഉയർന്നു. ഒടുവിൽ നീന്തിയാണ് ഇരുവരും തുരുത്തിൽനിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച മുഴുവൻ മൃഗങ്ങളും പട്ടിണിയായിരുന്നു. ഞായറാഴ്ച രാവിലെ നായകൾക്ക് ഭക്ഷണം ഇക്കരെനിന്ന് എറിഞ്ഞുനൽകി. ഇതിൽ രണ്ടെണ്ണം മാത്രമാണ് അക്കരെയെത്തിയത്.

ഇതിനിടെ, വാർത്ത ശ്രദ്ധയിൽപ്പെട്ട് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ ജീവൻ ബാബു 12 മണിയോടെ എത്തി. ആദ്യം കയറിൽ കൊളുത്ത്‌ കുടുക്കി എറിഞ്ഞ് അക്കരെ പിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് തുരുത്തിൽനിന്നു കുടിവെള്ളം എത്തിക്കുന്ന പൈപ്പിൽ തൂങ്ങി തുരുത്തിലെത്തിയാണ്‌ ഭക്ഷണം നൽകിയത്‌. രാവിലെ 11.30-ഓടെ ആരംഭിച്ച രക്ഷാപ്രവർത്തനം വൈകുന്നേരം ആറുമണിയോടെയാണ് അവസാനിച്ചത്.