മലപ്പുറം: വരുന്ന 18-നാണ് നിലമ്പൂർ മതിൽമൂല കോളനിയിലെ റുബീനയുടെ വിവാഹം. വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കാൾ ഒരു ദുരന്തത്തിന്റെ മരവിപ്പിലാണ് ആ പെൺകുട്ടി. ഇനിയെങ്ങോട്ടുപോകും, എവിടെത്താമസിക്കും എന്നൊന്നുമറിയാതെ റുബീനയെപ്പോലെ എത്രയോ പേർ. ഇന്നലെവരെ അന്തിയുറങ്ങിയ വീട്ടിലേക്ക് ഇനിയവർക്ക് തിരിച്ചുപോകാനാവില്ല. വീടുനിന്നിരുന്ന സ്ഥലംപോലും തിരിച്ചറിയാനാവാത്തവിധം ഒഴുകിപ്പോയിരിക്കുന്നു.

ക്യാമ്പുകളിൽ ആയിരത്തിലേറെപ്പേർ

1123 പേരാണ് നിലമ്പൂർ താലൂക്കിലെ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഒരു തിരിച്ചുപോക്ക് എന്ന്, എങ്ങനെ എന്നൊന്നുമറിയാതെ. 43 വീടുകൾ പൂർണമായും തകർന്നു, 133 വീടുകൾ ഭാഗികമായും. മലയോരങ്ങളിലെ വീടുകളിൽനിന്ന് പലരും പേടിച്ച് ഒഴിഞ്ഞുപോയി.

പുഴകൾ ഗതിമാറിയൊഴുകി

പുഴ ഗതിമാറി ഒഴുകിയാണ് ചാലിയാർ പഞ്ചായത്തിലെ മതിലുംമൂല ആദിവാസി കോളനി, ചെട്ടിയാംപാറ കോളനി എന്നിവ ഒലിച്ചുപോയത്. മതിലുംമൂല ആദിവാസി കോളനിക്കകത്തുകൂടിയാണ് കാഞ്ഞിരപ്പുഴ ഒഴുകിയത്. കോളനിയെ തന്നെ രണ്ടായിപ്പിളർത്തി. വീടടക്കം മലവെള്ളം കൊണ്ടുപോയതിനാൽ വീട് നന്നാക്കി താമസം തുടങ്ങാമെന്ന മോഹം അവർക്കാർക്കുമില്ല. കന്നുകാലികൾ, കോഴികൾ എന്നിവയും വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലുമായി നഷ്ടപ്പെട്ടു.

ഇനിയും കൃത്യമായ കണക്കില്ല

നാശനഷ്ടം സംബന്ധിച്ച് കണക്കെടുപ്പിനായി കളക്ടർ പ്രത്യേകസംഘത്തെ നിയമിക്കുമെന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലാണ് പലരുടെയും പ്രതീക്ഷ.

ക്യാമ്പുകൾ മാറ്റി

എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിലെയും പെരുമ്പത്തൂർ ഗവ. എൽ.പി. സ്കൂളിലെയും ക്യാമ്പുകൾ എരഞ്ഞിമങ്ങാട് യത്തീംഖാനയിലേക്ക് മാറ്റി ഇവിടെ 298 പേരാണുള്ളത്. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സാധ്യതയുള്ളതിനാലാണ് ക്യാമ്പുകൾ മാറ്റിയത്. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ റവന്യൂ വകുപ്പുദ്യോഗസ്ഥർ എത്തിക്കുന്നുണ്ട്.

‘സർ, ഞങ്ങളവിടെ താമസിച്ചാൽ ഇവരുടെ പഠനം മുടങ്ങില്ലേ?’

കാളികാവ്: ‘സാർ, ഞങ്ങളിവിടെ നിന്നാൽ ഈ സ്‌കൂളിൽ പഠനം മുടങ്ങില്ലേ? ഞങ്ങൾ കാരണം ആയിരത്തിലേറെ കുട്ടികളുടെ പഠനം മുടങ്ങും...’ പുല്ലങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ മന്ത്രി കെ.ടി. ജലീൽ എത്തിയപ്പോൾ വിദ്യാർഥികളായ നീതു കൃഷ്ണയും ശരണ്യയും ചോദിച്ചതാണിത്. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ താമസിക്കുകയാണ് അവർ. തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരായ കുട്ടികൾക്ക് പഠിക്കാനാവില്ലല്ലോ എന്നായിരുന്നു അവരുടെ ചോദ്യം. ആരുടെയും പഠനം മുടങ്ങില്ലെന്ന് ഉറപ്പുനൽകിയ മന്ത്രി സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ ഞായറാഴ്ചതന്നെ മാറ്റുവാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണം

ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിൽ സർക്കാരിൽനിന്ന് കൂടുതൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലെത്തിയതായിരുന്നു അദ്ദേഹം. ‘സന്നദ്ധസംഘടനകളുടെ പ്രവർത്തനം പ്രശംസനീയമാണ്. നിലവിലുള്ള പ്രവർത്തനങ്ങളിൽ പോരായ്മ ഉണ്ടെങ്കിലും ആരെയും ഇപ്പോൾ കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പുനരധിവാസത്തിന് ഉടൻ നടപടി

ഉരുൾപൊട്ടൽമൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് എത്രയും പെട്ടെന്ന് പുനരധിവാസത്തിന് സൗകര്യമൊരുക്കും. മലഞ്ചെരിവുകളിൽ താമസിച്ചിരുന്ന പലരും ഇനിയങ്ങോട്ട് പോവാൻ തയ്യാറല്ല. അധികം ദൂരെയല്ലാത്ത സുരക്ഷിതമേഖലകളിൽത്തന്നെ ഇവരുടെ പുനരധിവാസം ഉറപ്പാക്കും. പഠനം മുടങ്ങാതിരിക്കാൻ ദുരിതാശ്വാസക്യാമ്പുകൾ സ്കൂളുകളിൽനിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികതടസ്സങ്ങൾ പറഞ്ഞ് സഹായം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവില്ല. -മന്ത്രി ഡോ. കെ.ടി. ജലീൽ