കൂട്ടിക്കൽ (കോട്ടയം): മരിച്ചവരെ ഉയിർക്കുന്ന തിരുനാമത്തിന് ബന്ധുക്കളും അയൽക്കാരും സ്തുതിപാടുമ്പോൾ അവരാറുപേരും പ്രിയനാടിനോട് വിടവാങ്ങി. കാവാലി സെന്റ് മേരീസ് പള്ളിയുടെ രണ്ട് കല്ലറകളിൽ ആ കുടുംബം നിത്യനിദ്രയിലായി. ഉരുൾപൊട്ടലിൽ മരിച്ച കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ മാർട്ടിൻ(48), ഭാര്യ സിനി(37), മക്കളായ സ്നേഹ(14), സോന(12), സാന്ദ്ര(9), മാർട്ടിന്റെ അമ്മ ക്ലാരമ്മ(75) എന്നിവർക്ക് നാട് അന്ത്യാജ്ഞലി അർപ്പിച്ചു.

മാർട്ടിനും സിനിയും ക്ലാരമ്മയും ഒരു കല്ലറയിലും മക്കൾ മൂവരും മറ്റൊരു കല്ലറയിലും അന്ത്യവിശ്രമത്തിലായി. ഉയിരെടുത്ത മണ്ണിലേക്ക് പ്രിയർ മടങ്ങവെ പെരുമഴയൊടുങ്ങിയ കാവാലി ദേശത്ത് ഇടവകജനം മറ്റൊരു ചെറുമഴയിൽ കുടചൂടിനിന്നു. സംസ്ഥാന സർക്കാരിന്റെ അന്ത്യാഭിവാദ്യം അർപ്പിക്കാൻ മന്ത്രിമാരായ കെ. രാധാകൃഷ്ണനും വി.എൻ. വാസവനും പള്ളിയിലെത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹങ്ങൾ കാവാലി പള്ളിയിലേക്ക് കൊണ്ടുവന്നു. ഉരുൾ തകർത്ത കൂട്ടിക്കൽ ദേശത്ത് ഉരുണ്ടുകൂടിയ ചെളിയും മരങ്ങളും നീക്കി ദേശം ഇവർക്കായി വീഥിയൊരുക്കി. പോയ ഞായറാഴ്ചയും പ്രിയജനത്തോട് കുശലം പറഞ്ഞും സ്നേഹം ചൊരിഞ്ഞുംനിന്നവർ കണ്ണടച്ച് പള്ളിയുടെ പൂമുഖത്ത് കിടന്നു. മൂന്ന് പെൺകുഞ്ഞുങ്ങളുടെ മുഖം ഒരുനോക്ക് കണ്ടിട്ടും മതിവരാതെ സ്ത്രീകൾ കണ്ണീരണിഞ്ഞ് നിന്നു. ഇനി എന്ന് കാണുമെന്ന് ചോദിച്ച് സിനിയുടെ മാതാപിതാക്കളായ ബേബിയും സേവ്യറും. കോവിഡ് മാനദണ്ഡങ്ങളുടെ ചട്ടങ്ങളിൽ അന്ത്യചുംബനം അനുവദിച്ചില്ലങ്കിലും അച്ഛനും അമ്മയും പലവട്ടം ആ മുഖങ്ങൾ കണ്ട് പ്രാർഥനയിൽ മുഴുകി.

സിനിയുടെ ജൻമദേശമായ പാലക്കാട്ടേക്ക് കൊണ്ടുപോകാനിരുന്ന ഭൗതികശരീരങ്ങൾ ഇൗ മണ്ണിലടക്കാൻ ഇടവകജനം അഭ്യർഥിക്കുകയായിരുന്നു. പാലാ രൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട് അന്ത്യശുശ്രൂഷയിൽ അക്കാര്യം പരാമർശിച്ചു. താനും നാടും അഭ്യർഥിച്ചപ്രകാരം ഇൗ നാടിനൊപ്പം അവരെന്നും നിത്യസ്മരണയായി ഉണ്ടാവുവെന്ന് അദ്ദേഹം പറഞ്ഞു. സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കന്റെ സഹകാർമികത്വത്തിൽ മൂന്നുമണിക്ക് പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കല്ലറയിലേക്കെടുത്തു. രമേശ് ചെന്നിത്തല, ആന്റോ ആന്റണി എം.പി., എം.എൽ.എ.മാരായ സെബാസ്റ്റ്യൻ കുളത്തിങ്കൽ, മോൻസ് ജോസഫ്, നേതാക്കളായ ജോയി ഏബ്രഹാം, നിർമ്മല ജിമ്മി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.