കാക്കനാട്: പ്രളയത്തിൽ തകർന്ന നാടിന്റെ പുനരുദ്ധാരണത്തിനായി കേരളം ആവശ്യപ്പെട്ട അടിയന്തര സഹായധനത്തിൽ ചില്ലിക്കാശ് പോലും നൽകാതെ കേന്ദ്രം. ഈ വർഷം കേരളത്തെ ബാധിച്ച പ്രളയത്തിൽ അടിയന്തര സഹായധനമായി സംസ്ഥാനം ആവശ്യപ്പെട്ടത് 2101 കോടി രൂപയായിരുന്നു. എന്നാൽ, ഈ ആവശ്യത്തിലേക്കായി ഒരു രൂപ പോലും കേന്ദ്രസർക്കാർ നൽകിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിവിഷൻ നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

2019-’20 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്കു നൽകുന്ന തുകയുടെ ആദ്യ ഗഡുവായ 52.27 കോടി മാത്രമാണ് കേന്ദ്രത്തിൽനിന്ന് ഇതുവരെ ലഭിച്ചത്. കേരളത്തിനു പുറമേ വലിയതോതിൽ പ്രളയം ബാധിച്ച ബിഹാറിനും കേന്ദ്രത്തിന്റെ സഹായധനം ലഭിച്ചിട്ടില്ല.

ബി.ജെ.പി. ഭരിക്കുന്ന കർണാടക, മഹാരാഷ്ട്ര സർക്കാരുകളുടെ ആവശ്യം പരിഗണിച്ച് കേന്ദ്ര ദുരന്ത നിവാരണ വിഭാഗത്തിൽനിന്ന് ധനസഹായം ലഭിച്ചിരുന്നു. കർണ്ണാടകയ്ക്ക് 2441.26 കോടിയും മഹാരാഷ്ട്രയ്ക്ക് 2479.29 കോടി രൂപയുമാണ് ലഭിച്ചത്. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയുടെ അപേക്ഷകൾക്ക് ലഭിച്ച മറുപടികളിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

Content Highlights: kerala flood; kerala government asks 2101 crore but union government did not given money