കൊച്ചി: കഴിഞ്ഞവർഷം കേരളത്തെ മുക്കിയ പ്രളയം അതിതീവ്ര മഴമൂലമാണെന്നും മനുഷ്യൻ വരുത്തിവെച്ചതല്ലെന്നും ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. ഡാം തുറന്നതിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമെന്ന നിഗമനത്തിലെത്താൻ അമിക്കസ് ക്യൂറി ആശ്രയിച്ച പഠനം പ്രസിദ്ധീകരണയോഗ്യമല്ലെന്നുകണ്ട് രാജ്യാന്തര ശാസ്ത്രപ്രസിദ്ധീകരണം തിരിച്ചയച്ചതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മനുഷ്യന്റെ നിയന്ത്രണത്തിനതീതമായ കനത്തമഴയാണ് പ്രളയത്തിന് കാരണമായതെന്ന് കേന്ദ്രജലകമ്മിഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഡാമുകളാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറച്ചതെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നതെന്നും ജലവിഭവവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്. മുരളി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ശാസ്ത്രീയമായി കാണാനാവില്ല. പ്രളയ കാരണം ആഴത്തിൽ അന്വേഷിക്കാനും പരിഹാരം കാണാനും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്നാണ് അമിക്കസ് ക്യൂറിയുടെ ശുപാർശ. എന്നാൽ കേന്ദ്രജലകമ്മിഷന്റെ വിശദറിപ്പോർട്ടും ശുപാർശയുമുണ്ടെന്നിരിക്കേ ഇക്കാര്യ വീണ്ടും അന്വേഷിക്കുന്നതിന്റെ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അമിക്കസ് ക്യൂറിയുടെ പരാമർശങ്ങളെ എതിർത്തുള്ള സർക്കാർ വാദങ്ങൾ

* പ്രളയകൈകാര്യത്തിനുള്ള ജലസംഭരണികളുടെ ജലവിതാന കൈകാര്യപദ്ധതി കേന്ദ്ര ജലകമ്മിഷന്റെ പരിഗണനയിലാണ്.

* ഡാം കൈകാര്യത്തിന് പ്രവർത്തന മാർഗനിർദേശം തയ്യാറായി വരുന്നു.

* 20 ഡാമുകളുടെ അടിയന്തരഘട്ട കർമപദ്ധതി കേന്ദ്രജലകമ്മിഷന് സമർപ്പിച്ചു. അതിൽ എട്ടെണ്ണം അംഗീകരിച്ചു.

* പരിസ്ഥിതിലോലപ്രദേശ സംരക്ഷണം, ഭൂവിനിയോഗം എന്നിവയ്ക്ക് പദ്ധതി തയ്യാറാക്കുന്നു.

* ആഗോളവിദഗ്ധരുടെ സഹായത്തോടെ സുസ്ഥിര കേരള പുനർനിർമാണത്തിനായി ശ്രമിക്കുന്നു.

* ജലസംഭരണികളിൽ അടിഞ്ഞുകൂടുന്ന ചെളിനീക്കാൻ നടപടി തുടങ്ങി.

* പ്രളയസമയത്ത് ജലസംഭരണികളിൽ ഒഴുകിയെത്തിയതിനെക്കാൾ കുറഞ്ഞ വെള്ളമേ തുറന്നുവിട്ടിട്ടുള്ളൂ.

* കാലാവസ്ഥാവകുപ്പ് സാധാരണനിലയിലുള്ള കാലവർഷമാണ് പ്രവചിച്ചത്. വൈദ്യുതിബോർഡും അതാണ് ആധാരമാക്കിയത്.

* കനത്തമഴയെക്കുറിച്ച് സൂചനകിട്ടിയപ്പോൾതന്നെ നിയമാനുസൃത അേലർട്ടും മുന്നറിയിപ്പും നൽകി.

* വൈദ്യുതിവകുപ്പിനു കീഴിലെ 59 അണക്കെട്ടുകളിൽ വലിയ ആറെണ്ണമൊഴിച്ചുള്ളവയിൽനിന്ന് ജൂൺ മാസത്തിൽത്തന്നെ വെള്ളം ഒഴുക്കിത്തുടങ്ങിയിരുന്നു.

* സംഭരിച്ച വെള്ളം ഒരു ഡാമിൽനിന്നും ഒഴുക്കിയിട്ടില്ല. ഉൾക്കൊള്ളാനാവാതെവന്ന മഴവെള്ളമാണ് ഒഴുക്കിയത്.

*ഏറെക്കാലംമുമ്പു പണിതഡാമുകളിൽ 2002-ലെയും 2012-ലെയും ജലനയം അനുസരിച്ചുള്ള ഘടനാമാറ്റം സാധ്യമല്ല.

Content Highlights: kerala flood-goverment-highcourt