മലപ്പുറം: പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഭൂമി വാങ്ങാൻ സർക്കാർ ധനസഹായം അനുവദിച്ച് ഉത്തരവായി. വീടും ഭൂമിയും വാസയോഗ്യമല്ല എന്ന്‌ പരിശോധനയിൽ ബോധ്യപ്പെട്ട 562 കുടുംബങ്ങളിൽ 462 കുടുംബങ്ങൾക്കാണ് വാസയോഗ്യമായ ഭൂമി വാങ്ങുന്നതിന് 27.72 കോടി രൂപ സർക്കാർ അനുവദിച്ചത്. ആറുലക്ഷം വീതമാണ് ഒരു കുടുംബത്തിനു ലഭിക്കുക.

ബന്ധപ്പെട്ട താലൂക്ക് ഓഫീസിൽ അപേക്ഷയും രജിസ്റ്റർചെയ്ത ആധാരവും സമർപ്പിക്കുമ്പോൾ ഭൂമിക്കുള്ള തുക അനുവദിക്കുമെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു

കവളപ്പാറക്കാർക്കും ഭൂമി

കവളപ്പാറ ഉൾപ്പെടുന്ന പോത്തുകല്ല് വില്ലേജിലെ 196 കുടുംബങ്ങൾകൂടി ഉൾപ്പെട്ടതാണ് 562 കുടുംബങ്ങളുടെ പട്ടിക. ബാക്കിവരുന്ന 100 കുടുംബങ്ങളുടെ പുനരധിവാസപ്രവർത്തനങ്ങളിൽ എം.എ. യൂസഫലി സ്‌പോൺസർചെയ്ത 33 വീടുകൾക്ക് ഭൂമി വാങ്ങാൻ ആറുലക്ഷം രൂപവീതം നേരത്തേ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ബാക്കി 67 കുടുംബങ്ങൾക്ക് കെയർഹോം പദ്ധതിവഴി വീടുകൾക്ക് സ്ഥലം വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ആദിവാസികൾക്കായി ഫെഡറൽബാങ്ക് സ്‌പോൺസർ ചെയ്ത 34 വീടുകളുടെ പണി പുരോഗമിക്കുകയാണ്. മാർച്ച് അവസാനത്തോടുകൂടി എടക്കര പഞ്ചായത്തിൽ ഫെഡറൽബാങ്ക് ഏറ്റെടുത്ത ചെമ്പൻകൊല്ലി കോളനി ഒരു ടൗൺഷിപ്പ് മാതൃകയിൽ പൂർത്തിയാക്കും. വി ഗാർഡ് സ്‌പോൺസർ ചെയ്ത അഞ്ച്‌ വീടുകളുടെ പണി കഴിഞ്ഞ 18-ന് പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു.

വിവരങ്ങളറിയാം

വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെയും വീടും സ്ഥലവും വാസയോഗ്യമല്ല എന്ന്‌ പരിശോധനയിൽ ബോധ്യപ്പെട്ടവരുടെയും വിവരങ്ങൾ ജില്ലയുടെ വെബ്‌സൈറ്റായ www.malappuram.nic.in-ൽ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വീടിനുമാത്രം നാശനഷ്ടം സംഭവിച്ചവർക്കുള്ള ശതമാനം അനുസരിച്ചുള്ള തുക വിതരണം ജില്ലയിൽ പുരോഗമിക്കുകയാണ്. 80 ശതമാനം കുടുംബങ്ങൾക്കുള്ള തുക വിതരണംചെയ്തു. അടിയന്തര ധനസഹായം അനുവദിച്ചവരുടെ വിവരവും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ക്യാമ്പിൽ കഴിഞ്ഞവർക്കുള്ള അടിയന്തര ധനസഹായം ജില്ലയിൽ 18,937 കുടുംബങ്ങൾക്കും പ്രളയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം 84-ൽ 82 പേർക്കും നൽകി. മുന്നറിയിപ്പുപ്രകാരം ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചവർക്കുള്ള അടിയന്തര ധനസഹായം 29,925 കുടുംബങ്ങൾക്കും വീടിനുമാത്രം നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം 13,192-ൽ 9530 കുടുംബങ്ങൾക്കും നൽകിയതായി കളക്ടർ അറിയിച്ചു.

Content Highlights: kerala flood financial aid for buy land