തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച തെക്കൻജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും ഒന്‍പത്‌ പേർ മരിച്ചു. 16 പേരെ കാണാതായി.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിലെ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചു. ഇടുക്കി ജില്ലയിലെ കൊക്കയാറിലും ഉരുൾപൊട്ടി. രണ്ടിടത്തുമായി 14 പേരെ കാണാതായി. ഇടുക്കി മൂലമറ്റത്തിനു സമീപം മൂന്നിങ്കവയലിൽ കാർ ഒഴുക്കിൽപ്പെട്ട് യുവാവും യുവതിയും മരിച്ചു.

തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്ത് നാടോടിസംഘത്തിലെ മൂന്നുവയസ്സുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി.