Rebuilding Kerala

തിരുവനന്തപുരം: ആറു ദിവസത്തെ കനത്ത മഴയും പ്രളയവും ഉരുൾ പൊട്ടലുമേൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് കേരളം. ദുരിതബാധിതർക്ക് ആശ്വാസമായി സർക്കാർ സഹായം പ്രഖ്യാപിച്ചു. തുടരെ രണ്ടാം വർഷവുമുണ്ടായ പ്രളയം കനത്ത നാശനഷ്ടമുണ്ടാക്കിയെങ്കിലും സംസ്ഥാനത്തിന്റെ പുനർ നിർമാണത്തിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. 

മഴക്കെടുതിയിൽപ്പെട്ട ഓരോ കുടുംബത്തിനും അടിയന്തരസഹായമായി പതിനായിരം രൂപവീതം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് നാലുലക്ഷം വീതം നൽകും.

വീട് തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്തവർക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപയും നൽകും.

കാലവർഷക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ എല്ലാവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 15 കിലോ അരിവീതം സൗജന്യമായി നൽകും. അന്ത്യോദയ അന്നയോജനവഴി ഇപ്പോൾ 35 കിലോ അരി സൗജന്യറേഷൻ ലഭിക്കുന്നവർക്ക് ഇതു ലഭിക്കില്ല.

ആറുദിവസത്തെ പ്രളയം സംസ്ഥാനത്തിന്റെ കാർഷിക-അടിസ്ഥാന മേഖലയുടെ നട്ടെല്ലൊടിച്ചു. പ്രാഥമിക കണക്കനുസരിച്ച് 3762 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലകളിൽമാത്രം. ചൊവ്വാഴ്ചവരെ കൃഷിവകുപ്പ് ആസ്ഥാനത്തുകിട്ടിയ കണക്കുകളനുസരിച്ച് 28,929 ഹെക്ടറിലെ കൃഷി നശിച്ചു. 1136 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വളർത്തുമൃഗങ്ങൾ ചത്തതിലൂടെ 15 കോടിയുടെ നഷ്ടമുണ്ടായി.

1908 കിലോമീറ്റർ റോഡ് നശിച്ചു. ഇതിൽ 1600 കിലോമീറ്ററും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ്. 2611 കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പിനുണ്ടായത്‌. കഴിഞ്ഞവർഷത്തെ പ്രളയവും ഏറ്റവും ബാധിച്ചത് ഈ രണ്ടുമേഖലകളെയാണ്. കൃഷിനാശത്തിനും കാർഷിക മേഖലയിലുള്ള മറ്റ് നഷ്ടത്തിനുമുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും.

കാർഷികമേഖലയുടെ നഷ്ടംനികത്താൻ വേണം 189 കോടി

കാർഷികമേഖലയിൽ 189 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നെൽക്കൃഷിക്ക് ഹെക്ടറിന് 13,500 രൂപയാണ് അനുവദിക്കുന്നത്. ഇതിൽ പകുതിത്തുക കേന്ദ്രസഹായമാണ്. കായ്ഫലമുള്ള തെങ്ങിന് 700 രൂപയും കായ്ഫലമില്ലാത്തതിന് 350 രൂപയുമാണ് നൽകുക. കുലവാഴയ്ക്ക് 100 രൂപയും കുലയില്ലാത്തതിന് 75 രൂപയും. 5.40 രൂപമാത്രമാണ് വാഴയ്ക്ക് കേന്ദ്രസഹായം. ബാക്കി സംസ്ഥാന വിഹിതമാണ്.

പൊതുമരാമത്ത് റോഡുകൾക്കുമാത്രം 2000 കോടി

പൊതുമരാമത്ത് റോഡ് നന്നാക്കണമെങ്കിൽ 2000 കോടി രൂപയെങ്കിലും വേണമെന്ന് നിരത്തുവിഭാഗം ചീഫ് എൻജിനിയർ സർക്കാരിനെ അറിയിച്ചു. ദേശീയപാത പുനർനിർമിക്കുന്നതിന് 450 കോടി രൂപവേണം. 88 പാലങ്ങൾക്കും 80 സർക്കാർ കെട്ടിടങ്ങൾക്കും നാശമുണ്ടായി. പാലങ്ങൾക്ക് 159 കോടിയും സർക്കാർ കെട്ടിടങ്ങൾ നന്നാക്കുന്നതിന് രണ്ടുകോടി രൂപയും വേണം. കഴിഞ്ഞവർഷമുണ്ടായ പ്രളയത്തിൽ 11,000 കോടിയുടെ നഷ്ടമാണ് വകുപ്പിനുണ്ടായത്.

ഇടുക്കി, വയനാട് ജില്ലകളിലെ ദേശീയപാതകളാണ് തകർന്നതിലേറെയും.

Content Highlights: Kerala Flood 2019 rebuilding Kerala