ഹരിപ്പാട്: ആറാംക്ലാസുകാരി ആരഭിയെയും അനിയത്തി ആഷിതയെയും കണ്ടത് ആയാപറമ്പ് ന്യൂ യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന കടലാസിൽ, ക്യാമ്പിലെ പുതിയ കൂട്ടുകാരെ പേരുകാട്ടികൊടുക്കുകയാണവർ.

കാലവർഷം കനത്ത് വീട്ടിൽ വെള്ളംകയറുമ്പോൾ എല്ലാവർഷവും കുറഞ്ഞത് രണ്ടാഴ്ചവരെ ഈ സ്കൂളിലാണ് ഇവരുടെ താമസം. ജനിച്ചപ്പോൾ തുടങ്ങിയ പതിവാണ്. പള്ളിക്കൂടം ഇവർക്ക് രണ്ടാം വീടുപോലെ.

വാഹനങ്ങളിൽ സ്കൂളിൽ വന്നുപോകുന്ന കുട്ടികളുടെ പേരാണ് ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്നത്. ഇതാണ് ആരഭിയും ആഷിതയും ക്യാമ്പിൽ പരിചയപ്പെട്ട പുതിയ കൂട്ടുകാരെ കാട്ടിക്കൊടുക്കുന്നത്.

എല്ലാവർഷവും വെള്ളമിറങ്ങുമ്പോൾ ഇവർ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമായിരുന്നു. പക്ഷേ, ഇത്തവണ എങ്ങോട്ടുപോകുമെന്ന് ഇവർക്ക് നിശ്ചയമില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ കുഞ്ഞുങ്ങളുടെ കണ്ണുനിറഞ്ഞു.

മുത്തച്ഛൻ കരുണാകരനാണ് അതേപ്പറ്റി പറഞ്ഞത്. ഇവർ താമസിച്ചിരുന്ന ഷെഡ്ഡിന് മുകളിൽ ഒരാഴ്ചമുമ്പ് കൂറ്റൻ തേക്കുമരം വീണു. ഈ കുട്ടികളും ഇവരുടെ കുഞ്ഞനിയത്തി രണ്ടുവയസ്സുകാരി അങ്കിത, അവരുടെ അമ്മ സീമ, കരുണാകരന്റെ ഭാര്യ വിലാസിനി, മകൻ സേതു എന്നിവരാണ് കുഞ്ഞുവീട്ടിലുണ്ടായിരുന്നത്. പുലർച്ചെ ഒന്നരയോടെ മരം ഒടിയുന്ന ശബ്ദംകേട്ട് കുഞ്ഞുങ്ങളുമായി വീടിന് പുറത്തേക്ക് ഓടിയിറങ്ങി. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ... കരുണാകരന്റെ ശബ്ദമിടറി.

സർക്കാർ സഹായംകൊണ്ട് പുതിയ വീട് പണിതുകൊണ്ടിരിക്കുകയായിരുന്നു. ഇതിൻറെ മുകളിൽകൂടിയാണ് മരംവീണത്. ഭിത്തിയെല്ലാം ഇനി പുതുതായി പണിതെടുക്കണം.

കരുണാകരന്‌ 78 വയസ്സായി. വീട്ടിലാർക്കും കാര്യമായ ജോലിയൊന്നുമില്ല. കരുണാകരനും ഭാര്യയും രോഗികളാണ്.

ആരഭിയും ആഷിതയും സ്കൂൾ മുറ്റത്ത് ഓടിക്കളിക്കുന്നു. ക്ലാസിന്റെ ഇടനേരത്ത് ഓടിക്കളിക്കുന്നതുപോലെ. അവർക്ക് പള്ളിക്കൂടവും ദുരിതാശ്വാസ ക്യാമ്പും തമ്മിൽ വേർതിരിവൊന്നുമില്ല.

Content Highlights: Kerala Flood 2019 heavy rain collapses house of students