കൊച്ചി: കുടുക്കയിലെ സമ്പാദ്യവും സ്വർണക്കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാലാം ക്ലാസ് വിദ്യാർഥിനി. എറണാകുളം ടൗൺ ഹാളിൽ എം.എം. ലോറൻസ് നവതി ആദരം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തുന്ന വിവരമറിഞ്ഞാണ് ലിയാന തേജസ് എത്തിയത്.

ഉദ്ഘാടനം കഴിഞ്ഞ് വേദിയിൽനിന്നിറങ്ങിയ മുഖ്യമന്ത്രി കാറിൽ കയറവേ ലിയാന ഓടിയെത്തി. കുടുക്ക പൊട്ടിച്ച പണം മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം ’അങ്കിളേ ഇതുംകൂടി’ എന്നു പറഞ്ഞാണ് ഇരു കാതിലെയും കമ്മലുകളും ഊരി നൽകിയത്.

അമ്മയുടെ വീട്ടുകാർ ലിയാനയ്ക്ക് സമ്മാനമായി നൽകിയതാണ് കമ്മൽ. കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ നിധിയിലേക്ക് ലിയാന സമ്പാദ്യം നൽകിയിരുന്നു. അന്ന് നേരിട്ട് മുഖ്യമന്ത്രിയെ ഏല്പിക്കണമെന്ന ആഗ്രഹം നടക്കാതെ പോയതോടെ ഇക്കുറി നേരിട്ട് നൽകാനായി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഞായറാഴ്ച ടൗൺഹാളിൽ വരുന്ന വിവരമറിഞ്ഞത്.

ആലുവ സെയ്ന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ വിദ്യാർഥിനിയാണ്. സിനിമാ പ്രൊഡക്ഷൻ കൺട്രോളർ തങ്കച്ചന്റെയും നഴ്‌സ് സിനിമോളുടെയും മകളാണ്.

content highlights:kerala flood 2019,liyana thejas