കോട്ടയം: പ്രളയത്തിൽ വാസഭൂമി നഷ്ടമായവരിൽ 163 പേർക്ക് പകരം ഭൂമി വാങ്ങാൻ ഇനിയും സഹായം ലഭിച്ചില്ല. 976 പേർക്കാണ് പ്രളയകാലത്ത് താമസിക്കുന്ന ഭൂമി നഷ്ടമാകുകയോ താമസിക്കാൻ പറ്റാത്ത വിധത്തിലാകുകയോ ചെയ്തത്. 813 പേർക്കാണ് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തികസഹായമായ ആറു ലക്ഷം രൂപ ലഭിച്ചത്.

ഉരുൾപൊട്ടിയും പുഴയെടുത്തുമൊക്കെയാണ് മിക്കവർക്കും വാസസ്ഥലം നഷ്ടമായത്. പകരം സ്വന്തമായി സ്ഥലം കേരളത്തിൽ ഇല്ലെങ്കിലോ നിലവിലുള്ള ഭൂമി ഒട്ടും ഉപയോഗിക്കാൻ പറ്റാതായിട്ടുണ്ടെങ്കിലോ ആണ് സർക്കാർ പണം നൽകുക. ഇത്തരക്കാരുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കിയിരുന്നു.

ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ പേർക്ക് വാസഭൂമി നഷ്ടമായിരുന്നത്- 601 പേർക്ക്. ഇവിടെ 576 പേർക്ക് സഹായം കിട്ടി. 25 പേർ കാത്തിരിക്കുന്നു. പാലക്കാട് 115 പേർക്കും വയനാട്ടിൽ 66 പേർക്കും സഹായം കിട്ടി. പ്രളയത്തിൽ നാശം നേരിട്ടവർക്ക് ഭൂമി വാങ്ങാനുള്ള സഹായം നൽകിവരികയാണെന്നും അത് ഉടൻ പൂർത്തിയാക്കുമെന്നുമാണ് റവന്യൂ വകുപ്പ് പറയുന്നത്.

കണക്ക് ഇങ്ങനെ

ജില്ല, സഹായം കിട്ടിയവർ, കിട്ടാത്തവർ

തിരുവനന്തപുരം 0 0

കൊല്ലം 1 1

പത്തനംതിട്ട 13 0

ആലപ്പുഴ 0 1

കോട്ടയം 1 2

ഇടുക്കി 576 25

എറണാകുളം 3 2

തൃശ്ശൂർ 7 37

മലപ്പുറം 2 25

പാലക്കാട് 115 21

വയനാട് 66 48

കോഴിക്കോട് 14 1

കണ്ണൂർ 15 0

കാസർകോട്‌ 0 0