പ്രളയമഴയ്ക്കുമുമ്പേ അണക്കെട്ടുകളിൽ മുൻവർഷം സംഭരിച്ചതിനെക്കാൾ ഇരട്ടി ജലം സംഭരിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പ്രളയത്തിനുശേഷം വൈദ്യുതി ബോർഡിന്റെ വെബ്‌സൈറ്റിൽനിന്ന് ‘അപ്രത്യക്ഷമായ’ കണക്കുകളാണ് പുറത്തുവന്നത്. ഇതോടെ പ്രളയത്തിൽ അണക്കെട്ടുകൾക്കുകൂടി പങ്കുണ്ടെന്ന വാദം ശക്തമാവുകയാണ്.

സാധാരണഗതിയിൽ അണക്കെട്ടുകളിൽ മൺസൂണിന് മുമ്പ്, അതായത് മേയ് 31-ന് സംഭരണശേഷിയുടെ 10 ശതമാനംമാത്രമേ വെള്ളം നിർത്താറുള്ളൂ. മൺസൂൺമഴയിൽ പരമാവധി വെള്ളം സംഭരിക്കുന്നതിനുവേണ്ടിയാണിത്.

എന്നാൽ, 2018 മേയ് 31-ന് വൈദ്യുതിവകുപ്പിന്റെ അണക്കെട്ടുകളിലെ ശരാശരി ജലനിരപ്പ് 23.77 ശതമാനമായിരുന്നു. 2017 മേയ് 31-ന്, 12.11 ശതമാനം മാത്രമായിരുന്നു ഇവയിലെ വെള്ളം. വൈദ്യുതി ബോർഡിന് കീഴിലുള്ള സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററിലെ കണക്കുകളിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇത്രയധികം ജലം എന്തിന് സംഭരിച്ചു എന്നതിനുള്ള ഉത്തരം വൈദ്യുതിവകുപ്പിനില്ല.

ജൂൺ ഒന്നിന് മൺസൂൺ തുടങ്ങുമെന്ന സങ്കല്പത്തിലാണ് അണക്കെട്ടുകളിൽ ജലനിരപ്പ് 10 ശതമാനമായി നിജപ്പെടുത്തുന്നത്. മഴയെത്താൻ പത്തുദിവസം വൈകിയാലും സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ. സംസ്ഥാനത്ത് ഒരുദിവസം 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണമെന്നാണ് പഴയ കണക്ക്. ഇതനുസരിച്ചാണ് 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ശേഷിപ്പിക്കുന്നത്.

2017-ൽ ഡാമുകളിൽ മേയ് 31-ന് അവശേഷിച്ച വെള്ളമുപയോഗിച്ച് 501.40 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമായിരുന്നു. 2018-ൽ ഇതേദിവസം അവശേഷിച്ച വെള്ളമുപയോഗിച്ച് 984.28 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാമായിരുന്നു. സാധാരണയിലും 484 യൂണിറ്റ് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു ഈ അണക്കെട്ടുകളിൽ.

പതിവനുസരിച്ച് ഡാമുകളിലെ ജലനിരപ്പ് കുറച്ചുനിർത്തിയിരുന്നെങ്കിൽ വലിയതോതിൽ പ്രളയജലം ഇവയിൽ സംഭരിക്കപ്പെട്ടേനേ. പ്രളയത്തിന്റെ തീവ്രതയും കുറയുമായിരുന്നു.

കേന്ദ്ര ജലക്കമ്മിഷനും പഠിച്ചില്ല

പ്രളയത്തിനുകാരണം അണക്കെട്ടുകളല്ല, അതിതീവ്രമഴയാണെന്ന നിഗമനത്തിലെത്തിയ കേന്ദ്രജലക്കമ്മിഷനും മുൻവർഷത്തെ ജലനിരപ്പ് എത്രയെന്ന് പഠിച്ചില്ല. 2018 ഓഗസ്റ്റ് 15 മുതൽ 17 വരെ പെയ്ത മഴയുടെ അളവും അണകളിലെ ജലനിരപ്പും മാത്രമാണ് ജലക്കമ്മിഷൻ റിപ്പോർട്ടിലുള്ളത്. ഈ മഴയോടെ അണക്കെട്ടുകളെല്ലാം പരമാവധി ജലനിരപ്പിൽ എത്തിയിരുന്നു എന്നും കമ്മിഷന്റെ റിപ്പോർട്ടിലുണ്ട്.

കമ്മിഷന്റെ ആദ്യ ശുപാർശതന്നെ ‘റൂൾ കർവുകൾ’ അഥവാ പ്രളയജലം സംഭരിക്കാൻ അണകളിൽ സ്ഥലം ഒഴിച്ചിടുക എന്നതാണ്. മൺസൂണിനുമുമ്പ് ഇത് ചെയ്തിരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, 2018-ലെ മഴക്കാലത്തിന് മുമ്പുള്ള അണക്കെട്ടുകളിലെ ജലനിരപ്പിനെക്കുറിച്ച് കമ്മിഷന് മൗനമാണ്.

ജലനിരപ്പുകണക്ക് അപ്രത്യക്ഷം

വൈദ്യുതിവകുപ്പിന്റെ വെബ്‌സൈറ്റിൽ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളിലെ ഓരോ ദിവസത്തെയും ജലനിരപ്പ് അറിയാൻ സാധിക്കുമായിരുന്നു. എന്നാൽ, പ്രളയശേഷം 2019-ലെ കണക്കുകൾ മാത്രമാണ് വെബ്‌സൈറ്റിലുള്ളത്. പഴയതെല്ലാം വെബ്‌സൈറ്റ് മെയിന്റനൻസ് എന്നപേരിൽ ഒഴിവാക്കി.

മേയ് 31-ലെ ഡാമുകളിലെ ജലനിരപ്പ് ശതമാനത്തിൽ

ഡാം- 2017- 2018

ഇടുക്കി 11.06, 25.22

പമ്പ 12.40, 25.56

കക്കി 12.40, 25.56

ഷോളയാർ 03.13, 17.26

ഇടമലയാർ 17.06, 13.89

കുണ്ടള 12.73, 12.73

മാട്ടുപ്പെട്ടി 20.74, 36.76

കുറ്റ്യാടി 43.88, 36.19

തരിയോട് 09.63, 10.12

ആനയിറങ്ങൽ 00.33, 00.69

പൊന്മുടി 17.34, 41.50

നേര്യമംഗലം 57.14, 41.84

പെരിങ്ങൽക്കുത്ത് 21.25, 22.73

ലോവർപെരിയാർ 78.24, 74.51

ആകെ 12.11, 23.77

(സംസ്ഥാന ലോഡ് ഡെസ്പാച്ചിങ് സെന്ററിലെ കണക്ക്)

വേനൽമഴ അധികം ലഭിച്ചു

സാധാരണഗതിയിൽ 550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളിൽ അവശേഷിപ്പിക്കാറ്്‌. 2017-ലെ പവർ പ്ലാനിങ് കൃത്യമായിരുന്നു. ഉദ്ദേശിച്ചപോലെ വേനൽമഴയും വൈദ്യുതിഉപഭോഗവും വന്നു. എന്നാൽ, 2018-ൽ വേനൽമഴ അധികമായി ലഭിച്ചു. ഇതാണ് ഡാമുകളിൽ വെള്ളം കൂടാനുള്ള കാരണം. കാലാവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഡാമുകളിൽ ജലനിരപ്പ് അവശേഷിക്കുന്നത് എപ്പോഴും ഒരുപോലെ ആവില്ല. ഇത്തവണ മഴ കിട്ടിയില്ലെങ്കിൽ ഡാമുകളിലെ ജലനിരപ്പ് പതിവായി അവശേഷിപ്പിക്കുന്നതിനും താഴെയെത്താനാണ് സാധ്യത. വൈദ്യുതി ഉപഭോഗം റെക്കോഡിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. -എൻ.എസ്. പിള്ള, ചെയർമാൻ, കെ.എസ്.ഇ.ബി.

തീരുമാനമെടുക്കുന്നതിലെ പാളിച്ച

ഓരോ ഡാമിന്റെയും സ്ഥിതിയനുസരിച്ച് മുഴുവൻ വെള്ളവും ഉപയോഗിച്ചുതീർക്കാതെ കുറച്ചുമാത്രം അവശേഷിപ്പിക്കുകയാണ് മൺസൂണിനുമുമ്പ് ചെയ്യാറ്്‌. അത് ചെയ്യാതിരുന്നത് 2018-ൽ പുറമേനിന്നുള്ള വൈദ്യുതി അധികമായി വാങ്ങി ഉപയോഗിച്ചതുകൊണ്ടായിരിക്കണം. ലോഡ് ഡെസ്പാച്ച് സെന്ററിൽനിന്ന് തീരുമാനമെടുക്കുന്നതിലുണ്ടായ പാളിച്ചയാണ് ഡാമുകൾ തുറന്നുവിടാതിരുന്നതിന് കാരണം. ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി ചീഫ് എൻജിനീയറെ പ്രളയശേഷം സ്ഥലംമാറ്റിയതിനും കാരണം ഇതാണ്. ഡാമുകളിലെ ജലനിരപ്പ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കണമെന്നതാണ് റെഗുലേറ്ററി കമ്മിഷന്റെ ചട്ടം. പിടിക്കപ്പെടും എന്നുള്ളതിനാലാണ് ഈ കണക്കുകൾ വെബ്‌സൈറ്റിൽനിന്ന് മാറ്റിയത്. -മുഹമ്മദലി റാവുത്തർ, മുൻ ഡയറക്ടർ, കെ.എസ്.ഇ.ബി. (ജനറേഷൻ)