മലപ്പുറം: മഹാപ്രളയം കഴിഞ്ഞ് മൂന്നുമാസം പിന്നിടുമ്പോഴും അടിയന്തര സഹായവിതരണം പൂർത്തിയായില്ല. വീട്ടിൽ വെള്ളംകയറിയ കുടുംബങ്ങൾക്ക് ആദ്യപ്രളയത്തിലേത് പോലെ 10,000 രൂപ ആശ്വാസ ധനസഹായം നൽകാനായിരുന്നു സർക്കാർ തീരുമാനം.

ഓണത്തിനുമുമ്പ് തുക കൈമാറുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രളയം കൂടുതൽ ബാധിച്ച ജില്ലകളിൽ പകുതി കുടുംബങ്ങൾക്കുപോലും ഇതുവരെ പണം കിട്ടിയിട്ടില്ല. 2018-ലെ പ്രളയത്തിൽ 6,92,181 കുടുംബങ്ങൾക്ക് അടിയന്തരസഹായം നൽകിയിരുന്നു. ഈവർഷം 1,21,991 പേർക്ക് മാത്രമാണ് ഇതുവരെ തുക കൈമാറിയത്.

വെള്ളംകയറിയ വീടുകളുടെ കണക്കെടുപ്പും റവന്യു, തദ്ദേശ വകുപ്പുകൾ പൂർത്തിയാക്കിയിട്ടില്ല. സഹായം വൈകുന്നത് കടംവാങ്ങിയും വായ്പയെടുത്തും വീടുകൾ നന്നാക്കിയ സാധാരണക്കാരെയാണ് കൂടുതൽ പ്രയാസത്തിലാക്കുന്നത്.

ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞവർക്ക് പുറമെ ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിച്ചവർക്കും 10,000 രൂപ നൽകുമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടമായി ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് പണം കൈമാറാനായിരുന്നു തീരുമാനം. എന്നാൽ, ക്യാമ്പിലെത്തിയ ഒട്ടേറെ കുടുംബങ്ങൾക്ക് ഇനിയും പണംകിട്ടിയിട്ടില്ല. ബാങ്ക് അക്കൗണ്ടിലേതടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്. ഫണ്ടില്ലാത്തതും വിതരണം സംസ്ഥാനതലത്തിലാക്കിയതും തിരിച്ചടിയായെന്ന് ആക്ഷേപമുണ്ട്.

ക്യാമ്പുകളിലെത്താത്തവരിൽ ആലപ്പുഴ ഗ്രൂവൽ സെന്ററിൽ കഴിഞ്ഞ 18,228 കുടുംബങ്ങൾക്ക് മാത്രമാണ് സഹായം നൽകിയത്. മറ്റുള്ളവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം. നാശനഷ്ടംസംഭവിച്ച വീടുകളുടെ കണക്കെടുപ്പിനൊപ്പമാണ് ബന്ധുവീടുകളിലേക്കും മറ്റും മാറിയവരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നത്. ’റീബിൽഡ് കേരള’ എന്ന മൊബൈൽ ആപ്പ് വഴി ഒക്ടോബർ 31 -നകം കണക്കെടുപ്പ് പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ, പല ജില്ലകളിലും കണക്കെടുപ്പ് പൂർത്തിയാകാത്തതിനാൽ സമയം നീട്ടിനൽകിയിട്ടുണ്ട്.

പ്രളയം: ജില്ലകളിലെ ധനസഹായവിതരണം

(ജില്ല, 2018 പ്രളയം, 2019 പ്രളയം )

തിരുവനന്തപുരം - 2604 - 153

കൊല്ലം - 6247 - 435

പത്തനംതിട്ട - 51,808 - 2925

ആലപ്പുഴ - 1,65,848 - 27,679

കോട്ടയം - 73,401 - 7361

ഇടുക്കി - 4430 - 479

എറണാകുളം - 1,79,879 - 7130

പാലക്കാട് - 8609 - 3394

തൃശ്ശൂർ - 1,25,932 - 18,316

മലപ്പുറം - 39,829 - 18,024

കോഴിക്കോട് - 25,223 - 19,621

വയനാട് - 8079 - 8798

കണ്ണൂർ - 292 - 6411

കാസർകോട്‌ - 0 - 1265

ആകെ = 6,92,181 - 1,21,991