: പ്രളയത്തിൽ വീട് തകർന്നിട്ടും ‘റീബിൽഡ്’ ആപ്പിലെ പട്ടികയിൽ ഉൾപ്പെടാെതപോയവർക്കുള്ള സഹായധനത്തിൽ അനിശ്ചിതത്വം. ഇത്തരക്കാർക്ക് അപ്പീൽ നൽകാനുള്ള സമയപരിധി ജനുവരി 31 ആയിരുന്നു. രണ്ടും മൂന്നും പ്രാവശ്യം അപ്പീൽ കൊടുത്തവരുണ്ട്. കളക്ടർക്ക് നേരിട്ടും തദ്ദേശസ്ഥാപനങ്ങളിലും നൽകി.

വിവരശേഖരണം നടത്തേണ്ട ‘റീ ബിൽഡ്’ ആപ്പിലെ പട്ടികയിലുള്ളവർക്ക് സഹായം കൊടുത്തശേഷം അപ്പീൽ പരിഗണിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ, ആപ്പാകട്ടെ നവംബർ 15 മുതൽ പ്രവർത്തിക്കുന്നില്ല. ആപ്പ് തുറന്ന് അപ്പീലുകാരെ ഉൾപ്പെടുത്തി വരുമ്പോഴേക്കും കാലതാമസമുണ്ടാകും.

റീബിൽഡ് ആപ്പിലെ കണക്കുപ്രകാരം പ്രളയത്തിൽ സംസ്ഥാനത്ത് നാശനഷ്ടമുണ്ടായത് 2,58,686 വീടുകൾക്കാണ്. ഇതിന്റെ പതിന്മടങ്ങ് അപ്പീലുകളാണ് വിവിധ ജില്ലകളിലുള്ളത്. ആലപ്പുഴ ജില്ലയിൽമാത്രം ഒരുലക്ഷത്തിലധികം അപ്പീലുകൾ കിട്ടിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.

വീടിന് 75 ശതമാനത്തിലധികം നാശനഷ്ടമുണ്ടായവർക്ക് പുതിയ വീടിനാണ് സഹായം നൽകുന്നത്. നാലുലക്ഷം രൂപ. ആദ്യഗഡു ഭൂരിപക്ഷംപേർക്കും കൊടുത്തു. 25 ശതമാനം നിർമാണം പൂർത്തിയാക്കിയവർക്ക് രണ്ടാം ഗഡുവും. ഈ പട്ടികയിൽ ഉൾപ്പെടേണ്ടവർക്കാണ് ആപ്പിൽ ഉൾപ്പെടാത്തത്തതിനാൽ സഹായം കിട്ടാത്തത്.

പ്രളയത്തിനുപിന്നാലെ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ് വീടുകളുടെ നാശനഷ്ടം റീ ബിൽഡ് ആപ്പിൽ ശേഖരിച്ചത്. ഇതിൽ അപാകമുണ്ടായതായി സർക്കാർതന്നെ സമ്മതിച്ചതാണ്. തുടർന്ന് നവംബർ 15-ന് മുതൽ റീ ബിൽഡ് ആപ്പിലെ വിവരശേഖരണം നിർത്തിെവച്ചു. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപ്പീൽ നൽകാമെന്നും പ്രഖ്യാപിച്ചു. അതുവരെ ആപ്പിൽ ഉൾപ്പെട്ടവർക്ക് സഹായം നൽകിയശേഷം അപ്പീൽ പരിഗണിക്കുമെന്നായിരുന്നു പ്രഖ്യാപനം. പട്ടികയിലുള്ളവരുടെ സഹായവിതരണം അനിശ്ചിതമായി നീളുന്നതാണ് അപ്പീലുകാരെ കുഴക്കുന്നത്.

ട്രഷറി നിയന്ത്രണവും പ്രതിസന്ധി

ട്രഷറി ബില്ലുകൾ മാറാനുള്ള നിയന്ത്രണം വീട് തകർന്നവർക്കുള്ള സഹായവിതരണത്തിന് തടസ്സമാകുന്നു. തദ്ദേശസ്ഥാപനങ്ങൾ സമർപ്പിക്കുന്ന രേഖകൾ പ്രകാരം റവന്യൂ വകുപ്പാണ് ട്രഷറി വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം നൽകുന്നത്.

അടുത്തമാസം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ മൂന്നുമാസം കഴിഞ്ഞാലേ തുക കൈമാറാൻ കഴിയൂ. അല്ലെങ്കിൽ പ്രളയ ദുരിതാശ്വാസത്തിന് തിരഞ്ഞെടുപ്പ് കമ്മ‌ിഷൻ ഇളവുനൽകണം.