തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധികാരണം സംസ്ഥാനസർക്കാരിന്റെ റവന്യൂ വരവും ചെലവും തമ്മിലുള്ള അന്തരം കുത്തനെ കൂടുന്നു. സി.എ.ജി.യുടെ സെപ്റ്റംബർ മാസത്തെ താത്കാലിക കണക്കനുസരിച്ച് റവന്യൂക്കമ്മി ഈ സാമ്പത്തികവർഷം ഇതുവരെ 13,659.57 കോടി രൂപയായി. പ്രതീക്ഷിച്ചതിനെക്കാൾ 4295.55 കോടിരൂപ അധികം.
താത്കാലിക കണക്കായതിനാൽ മാറ്റംവരാം. എന്നാലും സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള സൂചനയാണിത്. കഴിഞ്ഞവർഷം ഇതേസമയത്ത് ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ 99.21 ശതമാനമേ എത്തിയിരുന്നുള്ളൂ. എന്നാൽ, ഇത്തവണ ഇത് 145.87 ശതമാനമായി.
ഈ സാമ്പത്തികവർഷം പ്രതീക്ഷിച്ച 1.45 ലക്ഷം കോടി രൂപയുടെ വരവിൽ ആറുമാസം പിന്നിട്ടപ്പോൾ കിട്ടിയത് 59,686 കോടി രൂപയാണ്. കഴിഞ്ഞവർഷം, ഇതേസമയം ലക്ഷ്യമിട്ടതിന്റെ 45.22 ശതമാനം നേടാനായെങ്കിൽ ഇത്തവണ അത് 41.42 ശതമാനമായി കുറഞ്ഞു.
ശമ്പളം, പെൻഷൻ, മറ്റു പതിവുചെലവുകൾ എന്നിവയൊഴികെ സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതിച്ചെലവുകൾക്കാണ് പ്രധാനമായും നിയന്ത്രണം. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാരെയാണ് ഇത് കൂടുതൽ ബാധിക്കുക. പൊതുമരാമത്തുകരാറുകാർക്ക് ബാങ്കുകളുമായി ചേർന്നാണ് പണം നൽകുന്നത്.
പ്രതീക്ഷിച്ച വരുമാനം കിട്ടാതെ ട്രഷറി ഓവർഡ്രാഫ്റ്റിലായതാണ് പൊടുന്നനെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നത്. റിസർവ് ബാങ്കിൽനിന്ന് നിത്യനിദാന ചെലവിനെടുക്കുന്ന വായ്പ 1500 കോടി രൂപയിൽ കൂടുമ്പോഴാണ് ട്രഷറി ഓവർഡ്രാഫ്റ്റിൽ ആകുന്നത്. രണ്ടാഴ്ചയ്ക്കകം ഇത് തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി ഇടപാടുകൾ മുടങ്ങും. ഇക്കാരണത്താലാണ് ചെലവുകൾ നിയന്ത്രിച്ചത്. ഇപ്പോൾ പലമാസങ്ങളിലും ട്രഷറി ഓവർഡ്രാഫ്റ്റിൽ ആകുന്നുണ്ട്.
ക്ഷേമപെൻഷൻ മുടങ്ങില്ല
കേന്ദ്രത്തിൽനിന്ന് ജി.എസ്.ടി.യുടെ നഷ്ടപരിഹാരമായി ലഭിക്കേണ്ട 1600 കോടി രൂപ കിട്ടുന്നതുവരെ ഇപ്പോഴത്തെ നിയന്ത്രണം തുടരേണ്ടിവരും. ഈ മാസം 20-ഓടെ സംസ്ഥാന നികുതിവരുമാനമെത്തും. സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും ഡിസംബറിൽ നൽകേണ്ട ക്ഷേമപെൻഷൻ നൽകും. മൂന്നുമാസത്തെ പെൻഷനാണ് ഇനി നൽകാനുള്ളത്. 1800 കോടിരൂപയാണ് ഇതിനുവേണ്ടത്.
- തോമസ് ഐസക്, ധനമന്ത്രി
Content Highlights: kerala financial crisis; revenue deficit increases