തിരുവനന്തപുരം: സംസ്ഥാനത്താകെ കെ.എസ്.എഫ്.ഇ. ശാഖകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മന്ത്രി തോമസ് ഐസക്കിനും ധനവകുപ്പിനും അതൃപ്തി. കേന്ദ്ര ഏജൻസികളുടെ അന്വേഷണ വലയത്തിൽ കുടുങ്ങിക്കിടക്കുന്ന സർക്കാരിന് വിജിലൻസ് പരിശോധനയുണ്ടാക്കുന്ന രാഷ്ട്രീയാഘാതം വലുതാണ്. ഇത് തിരിച്ചറിഞ്ഞാണ് പരസ്യപ്രതികരണത്തിന് അദ്ദേഹം തയ്യാറായത്. ഇതോടെ വിജിലൻസിന്റെ തുടർനടപടികൾ മരവിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായാണ് വിവരം.

കേസും അന്വേഷണങ്ങളും രാഷ്ട്രീയത്തിന്റെ ഗതിനിർണയിക്കുന്ന തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇതിന്റെ അപകടം തിരിച്ചറിയാത്തവരല്ല പരിശോധന ആസൂത്രണം ചെയ്തതെന്ന ബോധ്യം ഐസക്കിനുണ്ട്. മുഖ്യമന്ത്രിക്ക് കീഴിലാണ് വിജിലൻസ്. തീയതിയും സമയവും നിശ്ചയിച്ച് ഓപ്പറേഷന് പേരുമിട്ട് സംസ്ഥാനത്താകെ പരിശോധനയ്ക്കിറങ്ങുമ്പോൾ, അതിന്റെ പിന്നിലെ ആസൂത്രകന് ‘വട്ടാ’ണെന്ന വാക്കിൽ ഐസക് വിമർശനം ചുരുക്കിയത് അതിരുവിട്ടുപോകരുതെന്ന കരുതൽകൊണ്ടുമാത്രമാണ്.

ആഭ്യന്തരവകുപ്പിന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പുറമെ, ഒരു അഡീഷണൽ സെക്രട്ടറിയെക്കൂടി മുഖ്യമന്ത്രി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് വിജിലൻസ് അന്വേഷണത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ, ഉന്നതതലത്തിൽ അറിയാതെ കെ.എസ്.എഫ്.ഇ. പോലുള്ള ഒരു സ്ഥാപനത്തിൽ പരിശോധന നടക്കില്ലെന്നാണ് ധനവകുപ്പുദ്യോഗസ്ഥർ പറയുന്നത്.

വിമർശനത്തിന്റെ മുന ആരിലേക്കും നീളാതിരിക്കാനുള്ള കരുതൽ ഐസക്കിന്റെ വാക്കിലുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരാണ് കുഴപ്പം ചെയ്തതെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞില്ല. റെയ്ഡ് തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നും അസംബന്ധമാണെന്നുമായിരുന്നു ഐസക്കിന്റെ കുറ്റപ്പെടുത്തൽ.

വിജിലൻസിന്റേതായി പുറത്തുവന്ന വാർത്തകൾ ധനവകുപ്പിനെക്കൂടി ഇരുട്ടിൽ നിർത്തുന്നതാണ്. കള്ളപ്പണം വെളുപ്പിക്കാൻ ചിട്ടിയെ ഉപയോഗിക്കുന്നു, പൊള്ളച്ചിട്ടികളുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നിങ്ങനെ നീളുന്നു വിജിലൻസിന്റെ കണ്ടെത്തൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സർക്കാർ പദ്ധതികളിൽപോലും അഴിമതി ചികയുന്ന ഘട്ടത്തിലാണ് ഇതുപോലെ മൂർച്ചയുള്ള ആയുധം വിജിലൻസ് നൽകുന്നത്. ഇതാണ് ഐസക്കിനെ ചൊടിപ്പിച്ച ഒന്നാമത്തെ കാര്യം.

കിഫ്ബിയുടെപേരിൽ വാദിയായും പ്രതിയായും പ്രതിപക്ഷ ആരോപണങ്ങളെ അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ.എസ്.എഫ്.ഇ.യെ വിജിലൻസ് സംശയത്തിന്റെ നിഴലിൽനിർത്തുന്നത്. കിഫ്ബിയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനവുമാണിത്.

Content Highlights: Kerala Finance Minister rages against KSFE Vigilance raid