മാങ്കുളം (ഇടുക്കി): പരിഷ്കരിച്ച കർഷക ക്ഷേമനിധിബിൽ നിയമസഭയിൽ അവതരിപ്പിച്ചതോടെ കർഷകക്ഷേമ ബോർഡ് ഉടൻ യാഥാർഥ്യമാകും. ബിൽ 21-ന് നിയമസഭയിൽ ചർച്ചചെയ്ത് പാസാക്കി ഗവർണറുടെ അനുമതിയോടെ നിയമമാക്കും. ആറുമാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപവത്കരിച്ചു ബോർഡിന് രൂപംനൽകുമെന്ന് കൃഷിവകുപ്പുമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

കർഷക ക്ഷേമനിധി ബോർഡിൽ അംഗമായ 60 വയസ്സ് പൂർത്തിയായ കർഷകർക്ക് അടയ്ക്കുന്ന അംശദായത്തിന് അനുസരിച്ച് സ്ളാബ് അടിസ്ഥാനത്തിൽ ആയിരിക്കും പെൻഷൻ. ചുരുങ്ങിയത് 3000 രൂപ നൽകാനാണ് ആലോചിക്കുന്നത്. പരമാവധി പതിനായിരം രൂപ നൽകും.

ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ 2018-ൽനിന്നും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബോർഡിന്റെ വരുമാനം കൂട്ടുന്നതിന് അവകാശ ലാഭം പിരിക്കുന്നതിനും കൃത്യമായ നിർദേശമുണ്ട്. കാർഷിക മൂല്യവർധിത ഉത്‌പന്നങ്ങൾ വിൽക്കുന്ന വ്യാപാരികൾ അവരുടെ വാർഷിക ലാഭത്തിൽനിന്ന് ഒരുശതമാനം തുക കർഷക ക്ഷേമനിധി ബോർഡിന് നൽകണം. പ്രത്യേകം ഇൻസെന്റീവ് എന്ന നിലയിലാണ് തുക പിരിക്കുക.

50 രൂപയിൽ കവിയാത്ത മൂല്യമുള്ള കർഷക ക്ഷേമനിധി സ്റ്റാമ്പ് ഇറക്കാനും നിർദേശമുണ്ട്. ഇതിനുപുറമേ കോർപ്പറേറ്റ് കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് സ്വീകരിക്കാനും അനുമതിയുണ്ട്. ആവശ്യത്തിന് ഫണ്ട് ആയാൽ അംഗങ്ങൾക്ക് വായ്പ നൽകാം. ബോർഡിന് സംസ്ഥാനതലത്തിലും ജില്ലകളിലും ഓഫീസുകൾ സ്ഥാപിക്കും.

കർഷകക്ഷേമനിധി ബിൽ തയ്യാറാക്കുന്നതിലും മാറ്റങ്ങൾ വരുത്തുന്നതിലും പ്രതിപക്ഷത്തിന്റെ പൂർണമായ സഹകരണം ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. എല്ലാവരുടെയും സഹകരണം കിട്ടി. ബോർഡ് കാർഷികമേഖലയിൽ വലിയൊരു പുരോഗതിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബില്ലിലെ പ്രധാന മാറ്റങ്ങൾ

* അംഗമാവുന്നതിന് നിശ്ചയിച്ച വരുമാനപരിധി ഒന്നരലക്ഷം എന്നത് ഏഴരലക്ഷം ആക്കി.

* ഭൂമിയുടെ പരിധി അഞ്ചേക്കർ എന്നത് 15 ഏക്കർ ആക്കി.

* തോട്ടവിളകളുടെ കാര്യത്തിൽ ഏഴര ഏക്കർവരെ കൃഷി ഉള്ളവർക്കും അംഗമാവാം.

* പെൻഷൻ അംശദായം എത്ര വേണമെങ്കിലും കർഷകർക്ക് അടയ്ക്കാം.

* സർക്കാർ വിഹിതം പരമാവധി 250 രൂപ ആയിരിക്കും.

* കർഷകർ കൂടുതൽ തുക അടച്ചാൽ കൂടിയ പെൻഷൻ കിട്ടും.

* 18 വയസ്സിൽ അംഗമായ കർഷകന് പെൻഷൻ കിട്ടാൻ 60 വയസ്സുവരെ കാത്തിരിക്കണം.

* 25 വർഷം അടച്ചവർക്ക് പെൻഷന് മുന്നേ സഹായധനം നൽകാനും വ്യവസ്ഥയുണ്ട്.

content highlights: Kerala Farmers Welfare Board