കോട്ടയം: ലോക്‌ഡൗണിൽ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയ ആയിരക്കണക്കിനാളുകൾ വീണ്ടും സ്ലോട്ട് ബുക്കുചെയ്യണമെന്ന് മോട്ടോർവാഹന വകുപ്പിന്റെ നിർദേശം. രണ്ടര മാസത്തിനുശേഷം സംസ്ഥാനത്ത് ടെസ്റ്റ് പുനരാരംഭിക്കാനിരിേക്ക എത്തിയ നിർദേശം നേരത്തേ ടെസ്റ്റ് നഷ്ടമായവർക്ക് മുൻഗണന നൽകാതെയാണ്. എല്ലാവരും പുതിയ സമയം തിരഞ്ഞെടുക്കണമെന്ന നിർദേശം അവസരം വീണ്ടും നഷ്ടമാക്കുമെന്ന ആശങ്കയിലാണ് പഴയ അപേക്ഷകർ. ലോക്‌ഡൗൺമൂലം ടെസ്റ്റ് നടക്കാത്തവരുൾപ്പെടെ എല്ലാവരും പുതിയ സ്ലോട്ട് ബുക്കുചെയ്യണമെന്നാണ് ഉത്തരവ്.

കാത്തിരിക്കുന്നത് ആയിരങ്ങൾ

മിക്ക ജില്ലകളിലും ഫെബ്രുവരിയിൽത്തന്നെ ജൂൺ 30 വരെയുള്ള സ്ലോട്ട് ബുക്കുചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾമൂലം ഇവർക്കാർക്കും ലഭ്യമായ തീയതികളിൽ ടെസ്റ്റ് നടന്നില്ല. ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് ഓൺലൈനായി മുടക്കമില്ലാതെ നടന്നു. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് സ്ലോട്ട് ബുക്കുചെയ്യാൻ പോർട്ടലിൽ തള്ളിക്കയറുന്നത്. മാസങ്ങളായി സ്ലോട്ട് ബുക്കുചെയ്ത് കാത്തിരുന്നവർക്ക് മുൻഗണനയൊന്നുമില്ല. 40 ദിവസത്തേക്കുള്ള സ്ലോട്ടുകളാണ് ആദ്യം അനുവദിക്കുക.

വീണ്ടും പിന്നിലാവും

സാങ്കേതികജ്ഞാനമില്ലാത്തവരും ഇന്റർനെറ്റ് സേവനങ്ങളിൽ പ്രശ്നം നേരിടുന്നവരും വീണ്ടും പിന്നിലാവും. അപേക്ഷകർക്ക് പരിശീലനം നൽകി ലേണേഴ്‌സ് ലൈസൻസ് എടുപ്പിച്ച ഡ്രൈവിങ് സ്കൂളുകളും ആശങ്കയിലാണ്. ലേണേഴ്‌സ് എടുത്ത് ഡ്രൈവിങ് ടെസ്റ്റ് എടുക്കുന്നതിനുള്ള പരമാവധി ഇടവേള ആറുമാസമാണ്. ആദ്യ ലോക്‌ഡൗണിനുശേഷം ഇത് നീട്ടിനൽകിയിരുന്നു. രണ്ടാം ലോക്‌ഡൗണിനുശേഷം ഇതിനുള്ള നടപടികൾ നടന്നുവരുകയാണ്. ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്ന് ഒരുവർഷം കഴിഞ്ഞവർക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള ടെസ്റ്റുകളും തുടങ്ങി.

പോലീസ് താക്കീത് നൽകി

ലേണേഴ്‌സ് ടെസ്റ്റ് എടുത്തിട്ട് മൂന്നുമാസത്തിലധികമായി. ഡ്രൈവിങ് ടെസ്റ്റിന് മേയിൽ സമയവും ലഭിച്ചിരുന്നു. ലോക്‌ഡൗണിൽ അത് മുടങ്ങി. ലേണേഴ്‌സ് സർട്ടിഫിക്കറ്റുമായി സ്വന്തം വാഹനം ഓടിച്ച് ജോലിക്ക് പോകുമ്പോഴും പിന്നിൽ ലൈസൻസുള്ളയാൾ ഒപ്പം വേണമെന്ന് പോലീസ് കർശനനിർദേശം നൽകുന്നു. അല്ലെങ്കിൽ പതിനായിരം രൂപം പിഴയടയ്ക്കേണ്ടിവരുമെന്ന് താക്കീതും നൽകി.

-സിന്ധു ആന്റണി, പള്ളിപ്പറമ്പിൽ, പുലിയന്നൂർ.