ശാസ്താംകോട്ട (കൊല്ലം) : നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി.നായർ ഭർത്തൃവീട്ടിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിനെതിരായ കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധനപീഡനത്തിനുള്ള തെളിവുകൾ കുറ്റപത്രത്തിൽ അക്കമിട്ടുനിരത്തുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (താത്കാലികം) ഹാഷിം മുൻപാകെയാണ് ഡിജിറ്റൽ തെളിവുകളുൾപ്പെടെ 2419 പേജുവരുന്ന കുറ്റപത്രം സമർപ്പിച്ചത്. പ്രേരണമൂലമുള്ള ആത്മഹത്യയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന ആരോപണം തള്ളുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസ് ഏറ്റെടുത്ത് എൺപതാംദിവസം കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം മികവുകാട്ടി.

ഏറെ കോളിളക്കംസൃഷ്ടിച്ച കേസിൽ 102 സാക്ഷിമൊഴികളും 98 രേഖകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. ശൂരനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. കിരൺകുമാറിനെതിരേ സാഹചര്യത്തെളിവുകൾക്കുപുറമെ ശാസ്ത്രീയവും സാങ്കേതികവുമായ നിരവധി തെളിവുകളാണ് അന്വേഷണസംഘം ശേഖരിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജിന്റെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ് അന്തിമകുറ്റപത്രം തയ്യാറാക്കിയത്.

ജൂൺ 21-ന് പുലർച്ചെ പോരുവഴി ശാസ്താംനട സ്വദേശിയായ ഭർത്താവ് കിരൺകുമാറിന്റെ വീടിന്റെ രണ്ടാംനിലയിലെ ശൗചാലയത്തിലെ ചെറിയ ജനാലയിൽ തൂങ്ങിമരിച്ചനിലയിലാണ് വിസ്മയയെ കണ്ടത്. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ കേസിനെത്തുടർന്ന്‌ സർവീസിൽനിന്നു സർക്കാർ പിരിച്ചുവിട്ടിരുന്നു.

വകുപ്പുകൾ ഇങ്ങനെ

കൊല്ലം : വിസ്മയകേസിൽ സ്ത്രീധനപീഡനവും ഗാർഹികപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരമായ പ്രവൃത്തികൾ കാരണം അസ്വാഭാവികമരണം ഉണ്ടാവുക എന്ന 304 (ബി) വകുപ്പിന് പരമാവധി ജീവപര്യന്തം ശിക്ഷയും സ്ത്രീധനപീഡനമെന്ന 498 എ വകുപ്പിന് പരമാവധി മൂന്നുവർഷം ശിക്ഷയും ലഭിക്കും. ആത്മഹത്യാപ്രേരണ എന്ന 306-ാം വകുപ്പിന് പരമാവധി 10 വർഷം ശിക്ഷയും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്‌, നാല് വകുപ്പുകൾക്ക് പരമാവധി അഞ്ചും രണ്ടും വർഷംവീതം ശിക്ഷയുമാണ് നിയമത്തിൽ പറയുന്നത്.

പരിക്കേൽപ്പിക്കുന്നതിനുള്ള 323, ഭീഷണിപ്പെടുത്തുന്നതിനുള്ള 506 വകുപ്പുകൾക്ക് പരമാവധി ഒരുവർഷമാണ് ശിക്ഷ.