തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 1,211 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1026 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ 76 പേർ വിദേശത്തുനിന്നും 78 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 103 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

27 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 970 പേർ ഞായറാഴ്ച രോഗമുക്തരായി. ഓഗസ്റ്റ് നാലിനു മരിച്ച കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ ഖാദർ (67), ആറിനു മരിച്ച എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം പോസിറ്റീവായി. ഇതോടെ, ആകെ കോവിഡ് മരണം 108 ആയി.