തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യദിനം 8062 ആരോഗ്യപ്രവർത്തകർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. 133 കേന്ദ്രങ്ങളിലായി 11,138 പേർക്കായിരുന്നു വാക്‌സിനേഷൻ നൽകാൻ ലക്ഷ്യമിട്ടത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ (857) വാക്സിൻ സ്വീകരിച്ചത്.

എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ ഒന്പതു കേന്ദ്രങ്ങളിൽ വീതവുമാണ് വാക്‌സിനേഷൻ നടന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്ഘാടനത്തിനുശേഷം രാവിലെ 11.15 മുതൽ അഞ്ചുമണിവരെ വാക്‌സിൻ കുത്തിവെപ്പുണ്ടായി. വാക്സിൻ സ്വീകരിച്ച ആർക്കും ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

രണ്ടാംഘട്ട കുത്തിവെപ്പിനും കേരളം സജ്ജമാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രണ്ടാംഘട്ടത്തിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഒരാൾക്ക് 0.5 എം.എൽ. വാക്‌സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുമ്പോൾ രണ്ടാമത്തെ വാക്‌സിൻ നൽകും. വാക്സിനേഷൻ നടന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നു.

വാക്സിൻ സ്വീകരിച്ചവർ

പാലക്കാട് 857

കോഴിക്കോട് 800

തിരുവനന്തപുരം 763

എറണാകുളം 711

കണ്ണൂർ 706

കൊല്ലം 668

തൃശ്ശൂർ 633

ആലപ്പുഴ 616

കോട്ടയം 610

പത്തനംതിട്ട 592

വയനാട്- 332

കാസർകോട് 323

ഇടുക്കി 296

മലപ്പുറം 155

പങ്കാളിയായതിൽ അഭിമാനം

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രക്രിയയിൽ പങ്കാളിയാവാൻ ആരോഗ്യപ്രവർത്തകരെ ആദ്യം തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ട് (ശനിയാഴ്ച 11.05-ന് എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ കുത്തിവെപ്പ് സ്വീകരിച്ചശേഷം).

-ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഹൃദ്രോഗവിദഗ്ധൻ