തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. വ്യാഴാഴ്ചമുതൽ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ ഓൺലൈൻവഴി മുൻകൂട്ടി രജിസ്റ്റർചെയ്തവർക്കുമാത്രമേ ലഭിക്കൂ. വിതരണകേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാവില്ല. ക്യൂ ഒഴിവാക്കാനായി, രജിസ്റ്റർചെയ്തവർക്കുമാത്രമേ വാക്സിനേഷൻ സെന്ററുകളിൽ ടോക്കൺ നൽകൂ.

വാക്സിനേഷന്റെ മുൻഗണനപ്പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവ മുഖേന രജിസ്‌ട്രേഷൻ നടത്താം.

സർക്കാർ, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലെ വാക്സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിൻ വെബ് സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നതിന് സംവിധാനമൊരുക്കും. 45 വയസ്സിനുമുകളിലുള്ള പൗരൻമാർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും കോവിഡ് വാക്സിൻ സമയബന്ധിതമായി നൽകണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും രണ്ടാം ഡോസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.

വാക്സിൻ ലഭിച്ചില്ലെങ്കിൽ വിതരണം മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കോവിഡ് പ്രതിരോധമരുന്ന് ലഭിച്ചില്ലെങ്കിൽ വ്യാഴാഴ്ച കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം മുടങ്ങിയേക്കും.

മരുന്ന് ഇല്ലാത്തതിനാൽ ബുധനാഴ്ചയും സംസ്ഥാനത്ത് പലയിടത്തും മരുന്നുവിതരണം മുടങ്ങിയിരുന്നു.

ചൊവ്വാഴ്ചത്തെ മരുന്നുവിതരണം പൂർത്തിയായപ്പോൾ ആശുപത്രികളിലും മേഖലാ സ്റ്റോറുകളിലുമായി 364580 ഡോസ് മാത്രമാണ് മിച്ചമുണ്ടായിരുന്നത്. ഇതിൽ 100720 ഡോസ് കൊവാക്‌സിനും 263340 ഡോസ് കൊവിഷീൽഡുമാണ്. രണ്ടുലക്ഷം ഡോസ് മരുന്നുവരെ ദിവസവും വിവിധ കേന്ദ്രങ്ങളിലായി നല്കുന്നുണ്ട്. അങ്ങനെയെങ്കിൽ ബുധനാഴ്ചയോടെ ഒന്നരലക്ഷത്തോളം ഡോസ് മാത്രമാകും സംസ്ഥാനത്തെ സ്റ്റോക്.

എറണാകുളം മേഖലാസ്റ്റോറിൽ കൊവാക്സിനും തിരുവനന്തപുരത്ത് കൊവിഷീൽഡും ഒറ്റഡോസ് പോലുമില്ല. 13000 ഡോസ് കൊവാക്സിൻ മാത്രമാണ് തിരുവനന്തപുരത്ത് സ്റ്റോറിൽ അവശേഷിച്ചിരുന്നത്. അമ്പതുലക്ഷം ഡോസ് വാക്സിൻ അടിയന്തരമായി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും 5.5 ലക്ഷം ഡോസ് മാത്രമാണ് സമീപദിവസങ്ങളിൽ ലഭിച്ചത്.