തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യമാണെന്ന് നേരത്തേ പ്രഖ്യാപിച്ചതാണെന്നും നിലപാട് മാറ്റില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്ത്യയിൽ വാക്സിൻ ഒട്ടുംപാഴാക്കാതെ ഏറ്റവുംവേഗത്തിൽ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ദിവസം മൂന്നരലക്ഷത്തിലധികം ആളുകൾക്ക് നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 62,25,976 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. വാക്സിൻ ദൗർലഭ്യമെന്ന പ്രശ്നം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

കേന്ദ്രനയം പ്രതികൂലം

കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിനേഷൻ നയം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചു. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾതന്നെ വലിയ സാമ്പത്തികബാധ്യത നേരിടുകയാണ്.

45 വയസ്സിനുമുകളിലുള്ള 1.13 കോടി ആളുകൾക്ക് മേയ് 20-നുള്ളിൽ വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെ നിത്യേന 2.5 ലക്ഷം പേർക്ക് വിതരണംചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ, ദൗർലഭ്യം കാരണം അതു തടസ്സപ്പെട്ടു. ഇനി ദിവസേന 3.7 ലക്ഷം പേർക്ക് വിതരണംചെയ്താൽ മാത്രമേ ആ ലക്ഷ്യം കൈവരിക്കാനാകൂ. സാമ്പത്തികപ്രതിസന്ധിയിലേക്ക്‌ തള്ളിവിടുന്നതിനുപകരം, സംസ്ഥാനങ്ങൾക്ക് അർഹമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.