തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ആരോഗ്യസംവിധാനങ്ങൾ സജ്ജമാണെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആവശ്യമായ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണെങ്കിലും, 219.22 മെട്രിക് ടൺ കേരളത്തിൽ ഉത്‌പാദിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 9735 ഐ.സി.യു. കിടക്കകളാണുള്ളത്. ഇതിൽ 931 കിടക്കകളിൽ മാത്രമാണ് കോവിഡ് രോഗികളുള്ളത്. സർക്കാർ ആശുപത്രികളിലെ 2650 ഐ.സി.യു. കിടക്കകളിൽ കോവിഡ്‌, കോവിഡിതര രോഗികൾ ഉൾപ്പെടെ 50 ശതമാനത്തിനടുത്ത് രോഗികൾ മാത്രമാണുള്ളത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 3776 വെന്റിലേറ്ററുകളാണുള്ളത്. അതിൽ 277 വെന്റിലേറ്ററുകളിലാണ് നിലവിൽ കോവിഡ് രോഗികളുള്ളത്. സർക്കാർ ആശുപത്രികളിലെ 2253 വെന്റിലേറ്ററുകളിൽ നിലവിൽ 18.2 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്.

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, സെക്കൻഡ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഡിസ്ട്രിക്ട്‌ കോവിഡ് സെന്ററുകൾ എന്നിവയെല്ലാംചേർന്ന് 2249 കേന്ദ്രങ്ങളിലായി 1,99,256 ബെഡുകളും സജ്ജമാണ്. ഇതിനുപുറമേ, കോവിഡ് ചികിത്സ നൽകാൻ തയ്യാറായ 136 സ്വകാര്യ ആശുപത്രികളിൽ 5713 ബെഡുകളും ലഭ്യമാണ്.

ഏപ്രിൽ 16 മുതൽ 20 വരെ 3,32,305 സാംപിളുകൾ പരിശോധിച്ചു. ഈ ദിവസങ്ങളിൽ ശരാശരി 17.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. ഈ ജില്ലകളിൽ കൂടുതൽ ശക്തമായ നിയന്ത്രണമാർഗങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒഴിവാക്കേണ്ടത് മൂന്നു ‘സി’ കൾ

കോവിഡ് നിയന്ത്രണത്തിന് മൂന്ന് ‘സി’കൾ ഒഴിവാക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൗഡിങ്ങ് (ആളുകൾ കൂട്ടംചേരുന്നത്), ക്ളോസ്ഡ് സ്പെയ്സസ് (അടഞ്ഞ സ്ഥലങ്ങൾ), ക്ലോസ് കോണ്ടാക്ട്‌സ് (അടുത്ത് ഇടപഴകൽ) എന്നിവ ഒഴിവാക്കേണ്ടത് അനിവാര്യമാണ്.