തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 1212 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ആറുപേരുടെ മരണംകൂടി കോവിഡ് ബാധിച്ചാണ്. ഇതോടെ മരണസംഖ്യ 126 ആയി. 1097 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 51 പേർ വിദേശത്തുനിന്നും 64 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 880 പേർ രോഗമുക്തരായി.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 38,144. ഇപ്പോൾ 13,045 പേരാണ് ചികിത്സയിലുള്ളത്. ഓഗസ്റ്റ് മൂന്നി‌ന് മരിച്ച കാസർകോട് ഹരിപുരം സ്വദേശി ഷംസുദീൻ (53), 10-ന് മരിച്ച തിരുവനന്തപുരം മരിയപുരം സ്വദേശി കനകരാജ് (50), ഒന്പതിനു മരിച്ച എറണാകുളം അയ്യംപുഴ സ്വദേശിനി മറിയംകുട്ടി (77), ജൂലായ് 31-നു മരിച്ച ഇടുക്കി സ്വദേശി അജിതൻ (55), ഓഗസ്റ്റ് ആറിനു മരിച്ച കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പൻ (89), രണ്ടിനു മരിച്ച കാസർകോട് സ്വദേശി ആദം കുഞ്ഞി (65) എന്നിവരുടെ പരിശോധനഫലമാണ് പോസിറ്റീവായത്.