sulfikkar davoodആറ്റിങ്ങൽ: വിദേശത്തുനിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്നയാളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മൻസിലിൽ സുൽഫിക്കർ ദാവൂദാ(42)ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടത്.

പോലീസ് പറയുന്നത്: ദുബായിലായിരുന്ന സുൽഫിക്കർ ജൂൺ 26-നാണ് നാട്ടിലെത്തിയത്. വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്നതിനിടെ പലതവണ പുറത്തിറങ്ങി. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ അറിയിക്കുകയും പോലീസ് ഇയാളെ പിടികൂടി അകത്തുമുറിയിലെ നിരീക്ഷണകേന്ദ്രത്തിലെത്തിക്കുകയും ചെയ്തു. ജൂലായ് 10-ന് നിരീക്ഷണകാലാവധി പൂർത്തിയായതിനെത്തുടർന്ന് സുൽഫിക്കർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. വലിയകുന്നിലെ വീട്ടിൽ ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യയുമായി പിണക്കത്തിലാണെന്നാണ് ബന്ധുക്കൾ നല്കുന്ന വിവരം.

സുൽഫിക്കറിന് കരൾസംബന്ധമായ അസുഖങ്ങളും അപസ്മാരവും ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസമായി ഇയാളെ പുറത്തുകാണാത്തതിനാൽ വെള്ളിയാഴ്ച ഉച്ചയോടെ സുഹൃത്തുക്കൾ ജനാല വഴി നോക്കുമ്പോഴാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ ആറ്റിങ്ങൽ പോലീസിൽ വിവരമറിയിച്ചു.

പരിശോധനയിൽ മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ടെന്നു സംശയിക്കുന്നു. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. പരിശോധനകൾക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.