തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് പിടിപെടുന്നവരുടെ എണ്ണം നിയന്ത്രണാതീതമായി കൂടുന്നു. തിങ്കളാഴ്ച 794 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ആരോഗ്യപ്രവർത്തകരടക്കം 540 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ 24 പേർക്ക് എവിടെനിന്ന് രോഗം പിടിപെട്ടുവെന്നറിയില്ല. സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരിൽ 15 പേർ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരം ജില്ലയിൽമാത്രം ആരോഗ്യപ്രവർത്തകരെക്കൂടാതെ 170 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 13,274 ആയി. ഇതിൽ 7611 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

എറണാകുളം ജില്ലയിൽ ജൂലായ് 16-ന് മരിച്ച സിസ്റ്റർ ക്ലെയറിന്റെ പരിശോധനഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 43 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ വിദേശരാജ്യങ്ങളിൽനിന്നും 105 പേർ മറ്റുസംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.