തിരുവനന്തപുരം: അടുത്ത രണ്ടാഴ്ചകൂടി കോവിഡ് രോഗികളുടെ എണ്ണം ഇതേനിലയിൽ തുടരുകയോ ഉയരുകയോ ചെയ്യാനിടയുണ്ടെന്ന് വിദഗ്ധ സമിതി. തിരുവനന്തപുരത്ത് ചികിത്സ ആവശ്യമുള്ള പ്രതിദിന രോഗികളുടെ എണ്ണം ഈ ഘട്ടത്തിൽ 2500 മുതൽ നാലായിരംവരെ ആയേക്കുമെന്നാണ് കണക്കുകൂട്ടൽ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും രോഗികളുടെ എണ്ണം കൂടുമെന്നാണ് മുന്നറിയിപ്പ്.

എല്ലാ ജില്ലയിലും കിടക്കകളും ഐ.സി.യു. കിടക്കകളും ആവശ്യത്തിന് ലഭ്യമാണ്. എന്നാൽ തിരുവനന്തപുരത്ത് കൂടുതൽ ഐ.സി.യു. കിടക്കകൾ ഒരുക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. കൊല്ലം, എറണാകുളം ജില്ലകളിലും അധിക സൗകര്യമൊരുക്കേണ്ടിവരുമെന്ന് സമിതി നിർദേശിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് ദേശീയ ശരാശരിക്കുമുകളിലാണ്. ദേശീയ ശരാശരി 6.92 ശതമാനത്തിൽ നിൽക്കുമ്പോൾ സംസ്ഥാനത്ത് ഇത് 10.31 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ദേശീയതലത്തിൽ 21.46 ശതമാനവും സംസ്ഥാനത്ത് 25.19 ശതമാനവുമാണ്.

75,08,437 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത്. രണ്ടുദിവസത്തേക്കുള്ള ഉപയോഗത്തിനാവശ്യമായ 2.4 ലക്ഷം ഡോസ് സ്റ്റോക്കുണ്ട്.

ഓക്സിജൻ 20 ദിവസത്തേക്ക് ഭദ്രം

ഇരുപത് ദിവസത്തേക്ക് മതിയാവുന്ന ഓക്സിജൻ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. 119.7 ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ അടക്കം 219.22 ടൺ ഓക്സിജനാണ് സ്റ്റോക്കുള്ളത്. റീഫില്ലിങ് ശേഷികൂടി കണക്കിലെടുത്താണ് ഓക്സിജൻ നിലവിൽ ഭദ്രമാണെന്ന് വിലയിരുത്തുന്നത്.

കഴിഞ്ഞ മൂന്നുദിവസത്തെ രോഗസ്ഥിരീകരണ നിരക്ക് ശതമാനത്തിൽ

മലപ്പുറം 30.1

എറണാകുളം 29.9

കോഴിക്കോട് 29.6

തൃശ്ശൂർ 29.5

ആലപ്പുഴ 29.2

കോട്ടയം 27.8

തിരുവനന്തപുരം 26.2

പാലക്കാട് 24.6

കണ്ണൂർ 24.4

കാസർകോട് 24.3

വയനാട് 20.9

ഇടുക്കി 20

പത്തനംതിട്ട 19.8

കൊല്ലം 18.2