തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണനിരക്ക് (ടി.പി.ആർ.) ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വ്യാഴാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകില്ല. ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിലുള്ള നിയന്ത്രണങ്ങളും ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണും ഒരാഴ്ചകൂടി തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച മൂന്നുലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തും.

ബക്രീദുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകൾ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇത്തരത്തിൽ ഇളവുകൾ നൽകിയതിനെ സുപ്രീം കോടതി വിമർശിച്ചതുകൂടി കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ വേണ്ടെന്നുവെച്ചത്. കഴിഞ്ഞ മൂന്നുദിവസത്തെ ടി.പി.ആർ. ശരാശരി 10.8 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചത്തേത് 10.65 ശതമാനവും. തിങ്കളാഴ്ച ഇത് 11.08 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തതായി യോഗം വിലയിരുത്തി.

മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ടി.പി.ആർ. ഉയർന്നുനിൽക്കുന്നത്. ഇത് ഫലപ്രദമായി പിടിച്ചുനിർത്താൻ ജില്ലാ ഭരണസംവിധാനം ഇടപെടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കണം. വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കൺടൈൻമെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ജോലിക്കായി ദിവസവും അതിർത്തി കടന്നുവരുന്നത് ഒഴിവാക്കണം. അതത് സ്ഥലങ്ങളിൽ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.