കോട്ടയം: കേരള കോൺഗ്രസിൽ തുടരുമെന്ന് ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്. പാർട്ടി പിളർന്ന സാഹചര്യത്തിൽ അദ്ദേഹം ആർക്കൊപ്പമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായില്ല. സി.എഫ്. തോമസിനെ കൂടെ നിർത്താൻ ഇരുവിഭാഗവും ശ്രമിക്കുന്നുണ്ട്.
വെള്ളിയാഴ്ച പി.ജെ. ജോസഫ് തിരുവനന്തപുരത്തുവിളിച്ച യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ശനിയാഴ്ചത്തെ ജോസ് കെ. മാണി വിഭാഗത്തിന്റെ യോഗത്തിലും ഞായറാഴ്ചത്തെ യോഗത്തിലും അദ്ദേഹത്തിന്റെ അസാന്നിധ്യം പ്രകടമായി.
‘കേരള കോൺഗ്രസ് (എം) എന്ന പേര് നിർദേശിക്കാൻ ചേർന്ന അഞ്ചുപേരുടെ യോഗത്തിൽ താനുണ്ടായിരുന്നു. അതിൽ തുടരും. ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. ഞായറാഴ്ച നടന്ന സംഭവവികാസങ്ങൾ പ്രയാസമുണ്ടാക്കി. ഒത്തുതീർപ്പ് ശ്രമങ്ങളുമായി മുന്നോട്ടുപോകും’- സി.എഫ്. തോമസ് പറഞ്ഞു.
Content Highlights: kerala congress split-cf thomas