കോട്ടയം: കണക്കുകൾ തെറ്റിയില്ല. നീക്കങ്ങൾ പിഴച്ചതുമില്ല. കോട്ടയം ലോക്‌സഭാ സീറ്റ് വിവാദത്തിൽ തിങ്കളാഴ്ച മാണിവിഭാഗത്തിന്റെ സ്വയംവിലയിരുത്തൽ ഇങ്ങനെ. തങ്ങൾക്ക് അവകാശപ്പെട്ട സീറ്റ് പി.ജെ. ജോസഫിന് വിട്ടുകൊടുക്കില്ലെന്ന് മാണിവിഭാഗം നേരത്തേ തുറന്നുപറഞ്ഞിരുന്നു. ജോസഫിന് കോൺഗ്രസ് പിന്തുണ ലഭിച്ചതും കെ.എം. മാണിയെ ചൊടിപ്പിച്ചു. എതിർപ്പുയർത്താതെ ജോസഫിന് സീറ്റ് കൈമാറുന്നത് പാർട്ടിയിലെ അധികാര സമവാക്യങ്ങൾ തിരുത്തിയെഴുതപ്പെടാൻ ഇടയാക്കുമെന്ന ആശങ്കയും മാണിവിഭാഗത്തിനുണ്ടായിരുന്നു.

ജോസഫ് വിഭാഗം ഒരിക്കലും പ്രതീക്ഷിക്കാത്ത കരുനീക്കമായിരുന്നു ഒടുവിലത്തേത്. ലോക്‌സഭാ മണ്ഡലത്തിനു പുറത്തുനിന്ന് സ്ഥാനാർഥി വേണ്ടെന്ന പൊതുവികാരം പാർട്ടിയിൽ പ്രാദേശികതലത്തിൽ രൂപപ്പെട്ടു. ഇൗ അഭിപ്രായം കെ.എം. മാണി എഴുതിവാങ്ങി. ഇതോടെ ജോസഫ് കളത്തിന് പുറത്തായി.

സ്റ്റിയറിങ് കമ്മിറ്റിയിൽ ചർച്ച ഒരു മണിക്കൂറിലൊതുങ്ങിയതിന്റെ ആശ്വാസത്തോടെയാണ് ഞായറാഴ്ച വൈകീട്ട് കോട്ടയത്തുനിന്ന് ജോസഫ് വിഭാഗം മടങ്ങിയത്. കമ്മിറ്റിയിൽ ജോസഫിനെതിരേ ഉയർന്ന വിമർശനങ്ങൾക്ക് കെ.എം. മാണി തന്നെ തടയിട്ടു. സീറ്റ് ഉറപ്പെന്ന പ്രതീക്ഷയിലാണ് ജോസഫും മടങ്ങിയത്. എന്നാൽ, നേരം പുലർന്നതോടെ കാര്യങ്ങൾ തകിടംമറിഞ്ഞതായി അദ്ദേഹം തിരിച്ചറിഞ്ഞു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പാർട്ടി ഭാരവാഹികളിൽ ഭൂരിഭാഗവും ജോസഫിന്റെ സ്ഥാനാർഥിത്വത്തിനെതിരേ തിരിഞ്ഞു. മണ്ഡലത്തിലുളളയാൾ സ്ഥാനാർഥിയാകണമെന്നായിരുന്നു ഇവരുടെ ആവശ്യം.

അപകടം മണത്തതോടെ കോൺഗ്രസ് നേതൃത്വവും ഇടപെട്ടു. ഇടുക്കി സീറ്റ് വെച്ചുമാറാമെന്ന പ്രതിവിധിയും നിർദേശിച്ചു. ഉടൻ മറുപടിയെത്തി. കേരള കോൺഗ്രസ് എമ്മിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കെ.എം. മാണിയാണെന്ന് ജോസ് കെ. മാണി എം.പി. മാധ്യമങ്ങളോട് പ്രതികരിച്ചു. സീറ്റ് വെച്ചുമാറി ജോസഫിനെ സഹായിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായ ആരോപണം മാണിവിഭാഗത്തിൽ നിലനിന്നിരുന്നു.

യു.ഡി.എഫ്. ഇടപെടൽ

തങ്ങളാവശ്യപ്പെട്ട രണ്ടാംസീറ്റ് അനുവദിക്കുന്നതിനുപകരം ഉള്ള സീറ്റിൽ കൂടി സ്ഥാനാർഥിയെ നിർണയിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിലുള്ള അമർഷം മാണിവിഭാഗം മറച്ചുവെക്കുന്നില്ല. ഈ വിഷയത്തിൽ കോൺഗ്രസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനും മാണിവിഭാഗം തയ്യാറാണെന്ന പ്രതീതിയുണർത്തുന്നതായിരുന്നു പാലായിൽ നടന്ന കരുനീക്കങ്ങൾ. കേരള കോൺഗ്രസിൽ പൊട്ടിത്തെറി ഒഴിവാക്കാനായി യു.ഡി.എഫ്. നേതൃത്വത്തിന്റെ ഇടപെടൽ തിങ്കളാഴ്ച വൈകീട്ട് വീണ്ടുമുണ്ടായതോടെയാണ് കെ.എം. മാണി അല്പം അയഞ്ഞത്.

Content Highlights: kerala congress m meeting in kottayam on candidate selection