കോട്ടയം: പിളർപ്പിന്റെ വക്കോളമെത്തിയശേഷം കേരള കോൺഗ്രസ്-എമ്മിൽ വീണ്ടും യോജിപ്പിന് ശ്രമം. ഒരു ആധ്യാത്മികാചാര്യന്റെ നേതൃത്വത്തിൽ ഇരുപക്ഷവുമായി ചർച്ച നടക്കുന്നുണ്ട്. പാർലമെന്ററി പാർട്ടിയോഗമെന്ന് വിളിക്കുന്നില്ലെങ്കിലും ഇരുകൂട്ടത്തിലുമുള്ള എം.പി.മാരും എം.എൽ.എ.മാരും ഒന്നിച്ചിരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കടന്നാക്രമണം നടത്തിയ ഇരുപക്ഷവും ശനിയാഴ്ച സൗമ്യഭാവത്തിലാണ് സംസാരിച്ചത്. ഒത്തുതീർപ്പുചർച്ചകൾ ഫലിച്ചില്ലെങ്കിൽ മുതിർന്ന നേതാക്കളുടെ യോഗം ബലാബല വേദിയാകും.
സമവായം എന്ന വാക്ക് പി.ജെ. ജോസഫും ജോസ് കെ. മാണിയും വീണ്ടും ഉപയോഗിച്ചതാണ് ശനിയാഴ്ചത്തെ ശ്രദ്ധേയമായ നീക്കം. പരസ്പരം ഫോണിലൂടെപോലും സംസാരിക്കേണ്ടെന്ന് ഇരുപക്ഷവും തീരുമാനിച്ച ശേഷമാണ് പൊടുന്നനെ കാര്യങ്ങൾ മാറിയത്.
പാർട്ടിഭരണഘടനയനുസരിച്ച് എം.പി.മാരും എം.എൽ.എ.മാരും ചേർന്നതാണ് പാർലമെന്ററി പാർട്ടി. നിലവിൽ രണ്ട് എം.പി.മാരും രണ്ട് എം.എൽ.എ.മാരും ജോസ് കെ. മാണി പക്ഷത്താണ്. പി.ജെ. ജോസഫും മോൻസ് ജോസഫുമാണ് എതിർപക്ഷത്തുള്ളത്.
ഇൗ യോഗം വിളിക്കാൻ ജോസഫ് പക്ഷം സമ്മതം അറിയിച്ചതായാണ് സൂചന. ഏതുവേദിയായാലും ചെയർമാനെ സമവായത്തിലൂടെ കണ്ടെത്തണമെന്നാണ് പി.ജെ. ജോസഫിന്റെ ആവശ്യം. ചെയർമാൻസ്ഥാനത്തിൽ സമവായമുണ്ടാകാനുള്ള സാധ്യത തെളിഞ്ഞില്ല. പി.ജെ. ജോസഫ് പക്ഷം അദ്ദേഹത്തിന് ചെയർമാൻസ്ഥാനം നൽകണമെന്ന് ആഗ്രഹിക്കുന്നു. കെ.എം. മാണി ഒന്നാമനും ജോസഫ് രണ്ടാമനുമായിരുന്ന പാർട്ടിയിൽ മാണിയുടെ വിയോഗത്തോടെ ആ സ്ഥാനം ജോസഫിനു കിട്ടണമെന്നാണ് അവരുടെ പക്ഷം. സി.എഫ്. തോമസിനെ ചെയർമാനാക്കാനുള്ള നിർദേശം വന്നാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും.
ഇൗ രണ്ടുനിർദേശവും അംഗീകരിക്കേണ്ടതില്ലെന്നാണ് ജോസ് കെ. മാണി പക്ഷത്തെ ജില്ലാപ്രസിഡന്റുമാരുടെ നിലപാട്. ജോസ് കെ. മാണി തന്നെയാണ് ആ സ്ഥാനത്തിന് അർഹൻ. സി.എഫ്. തോമസ് മൃദുസമീപനം സ്വീകരിക്കുന്നതിനാൽ മുന്നണിയിൽ പാർട്ടിയുടെ ആവശ്യം നേടിയെടുക്കാൻ പറ്റാതെ വന്നേക്കും. ഇൗ സാഹചര്യത്തിൽ പി.ജെ. ജോസഫ് പരോക്ഷമായി അധികാരകേന്ദ്രമാകുന്ന സ്ഥിതിവരും. ഇത് കൂടുതൽ ദോഷംചെയ്യുമെന്നാണ് അവർ കരുതുന്നത്.
സഭയിൽ ഇപ്പോഴത്തെ സ്ഥിതി തുടരും
: നിയമസഭയിൽ ജോസഫിന് താത്കാലികമായി കക്ഷിനേതാവിന്റെ പദവി സ്പീക്കർ നൽകിയിട്ടുണ്ട്. ജൂൺ ഒൻപതിനകം നേതാവിനെ കണ്ടെത്തി അറിയിക്കണമെന്നാണ് സ്പീക്കർ ആവശ്യപ്പെട്ടത്. സമവായമാകാത്തതിനാൽ ഇത് ഇനിയും വൈകിയേക്കും.
നിലവിൽ സ്പീക്കർക്കുമുമ്പാകെയുള്ള കത്ത് ജോസഫിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ബദൽനീക്കത്തിലൂടെ പദവികൾ നിശ്ചയിച്ചാൽ നിയമപരമായി വിമതപക്ഷമാകുമോ എന്ന് ജോസ് കെ. മാണി പക്ഷത്തിന് ഭീതിയുണ്ട്. അതും അവരെ സമവായത്തിന് പ്രേരിപ്പിക്കുന്നു.
പിടിവാശിയില്ല
പാർട്ടി ഒന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ആക്ഷേപകരമായ പരാമർശങ്ങൾ എല്ലാവരും ഒഴിവാക്കേണ്ടതാണ്. ഒരു സ്ഥാനത്തിനുംവേണ്ടി പിടിവാശിയില്ല. ഇൗ പ്രസ്ഥാനം തകരാതെ മുന്നോട്ടുപോകണം എന്നാണ് പ്രവർത്തകർ ആഗ്രഹിക്കുന്നത്.-ജോസ് കെ. മാണി
content highlights: kerala congress m at the verge of split