തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം, രാജ്യസഭാ സീറ്റ്, പാർട്ടി പുനഃസംഘടന തുടങ്ങിയ കാര്യങ്ങളിൽ കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കൾ ബുധനാഴ്ച രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സംബന്ധിക്കും.

കോൺഗ്രസിൽ രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കം നടക്കുമ്പോൾത്തന്നെ ഒഴിവ് വരുന്ന സീറ്റിലേക്ക് കേരള കോൺഗ്രസും അവകാശവാദം ഉന്നയിക്കുന്നുണ്ട്. പി.ജെ. കുര്യനൊപ്പം കേരള കോൺഗ്രസിന്റെ ജോയ് എബ്രഹാമും രാജ്യസഭയിൽനിന്ന് വിരമിക്കുകയാണ്. തങ്ങളുടെ സീറ്റ് കൂടിയാണ് ഒഴിയുന്നതെന്നതാണ് സീറ്റ് അവകാശപ്പെടാൻ കേരള കോൺഗ്രസിനുള്ള ന്യായം.

രാജ്യസഭാ സീറ്റടക്കമുള്ള ആവശ്യങ്ങളാണ് കേരള കോൺഗ്രസ് യു.ഡി.എഫ്. പ്രവേശനത്തിന് ഉപാധിയായി െവച്ചിരിക്കുന്നത്. കേരളത്തിൽ യു.ഡി.എഫുമായി വീണ്ടും സഹകരിക്കാൻ ഇടനില വഹിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡൽഹിയിലെ ചർച്ചകളിൽ കുഞ്ഞാലിക്കുട്ടിയും പങ്കാളിയാകുന്നത്.

പി.ജെ. കുര്യന് വീണ്ടും സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ യുവനേതാക്കൾ രംഗത്തുവന്നത് പാർട്ടിയിലെ സ്ഥിതി കൂടുതൽ മോശമാക്കി. ചെങ്ങന്നൂരിലെ പരാജയം പാർട്ടി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യത്തിലേക്കും നേതൃത്വത്തിൽ തലമുറ മാറ്റം വേണമെന്നതിലേക്കും വളർന്നു. കെ.പി.സി.സി. പ്രസിഡന്റ്, യു.ഡി.എഫ്. കൺവീനർ, രാജ്യസഭാ സ്ഥാനാർഥിത്വം തുടങ്ങിയ സ്ഥാനങ്ങളിൽ മാറ്റം വന്നേക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരടങ്ങുന്ന മുതിർന്ന നേതാക്കളുമായാണ് രാഹുൽ കൂടിക്കാഴ്ച നടത്തുന്നത്.