കോട്ടയം: കേരള കോൺഗ്രസ്(എം) കാസർകോടുമുതൽ തിരുവനന്തപുരംവരെ നടത്തുന്ന കേരളയാത്ര 24-നു തുടങ്ങും. കർഷകരക്ഷ, മതേതരഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യാത്ര. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. നയിക്കുന്ന യാത്ര ഫെബ്രുവരി 15-ന് തിരുവനന്തപുരത്തു സമാപിക്കും.

24-ന് 11-ന് സമ്മേളനം കാസർകോട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനംചെയ്യും. പാർട്ടി ചെയർമാൻ കെ.എം.മാണി അധ്യക്ഷത വഹിക്കും. യാത്രയുടെ ഉദ്ഘാടനം, ജാഥാ ക്യാപ്റ്റന് പാർട്ടിപതാക കൈമാറി വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് നിർവഹിക്കും.

14 ജില്ലയിലായി നൂറിലേറെ കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങൾ നടത്തും. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ കാർഷികദുരന്തമായെന്ന് ജോസ് കെ.മാണി പത്രസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയനേട്ടങ്ങൾക്കായി ശബരിമലയെ സംഘർഷഭരിതമാക്കുന്ന സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും ഹീനശ്രമങ്ങളെ കേരളത്തിലെ വിശ്വാസിസമൂഹം ആശങ്കയോടെയാണു കാണുന്നത്.

മുഴുവൻ ജനതയുടെയും പുരോഗതി ഉറപ്പാക്കുന്ന പുതിയ കേരളത്തിനായുള്ള വികസന മാനിഫെസ്റ്റോ കേരളയാത്ര മുന്നോട്ടുവെക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോട്ടയത്ത് കേരള കോൺഗ്രസ് മത്സരിക്കും. എന്നാൽ, സ്ഥാനാർഥി ആരെന്നത് കേരളയാത്രയ്ക്കുശേഷമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ജോയി എബ്രഹാം, മോൻസ് ജോസഫ് എം.എൽ.എ. തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: kerala congress-kerala yathra