തിരുവനന്തപുരം: കോൺഗ്രസ്-കേരള കോൺഗ്രസ് (ജോസഫ്‌ വിഭാഗം) സീറ്റ് തർക്കത്തിന് പരിഹാരമായില്ല. കോട്ടയം ജില്ലയിലെ സീറ്റുകളെച്ചൊല്ലിയാണ്‌ പ്രധാനമായും ഭിന്നത. ആകെ ഒമ്പത് സീറ്റുള്ള കോട്ടയത്ത് പാലാ ഒഴികെയുള്ള എട്ടു സീറ്റ് തുല്യമായി പങ്കിടാമെന്നതാണ് പി.ജെ. ജോസഫ് മുന്നോട്ടുവെച്ച നിർദേശം. അതിൽതന്നെ കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ സീറ്റുകൾ കേരള കോൺഗ്രസിന് ലഭിക്കണം. കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ വിട്ടുനിൽകാം.

മോൻസ് ജോസഫിന്റെ സീറ്റായ കടുത്തുരുത്തിയിൽ കോൺഗ്രസിന് തർക്കമില്ല. ചങ്ങനാശ്ശേരിയും ഏറിവന്നാൽ പൂഞ്ഞാറുംകൂടി നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. ചങ്ങനാശ്ശേരിയും ഏറ്റുമാനൂരും കൂടിയേ തീരൂവെന്ന് കേരള കോൺഗ്രസ് നിർബന്ധം പിടിച്ചതോടെ ചർച്ചകൾ വഴിമുട്ടി. വരുംദിവസങ്ങളിലും ചർച്ച തുടരും.

ആകെ മത്സരിക്കുന്ന സീറ്റുകളെച്ചൊല്ലിയും തർക്കമുണ്ട്. 12 സീറ്റാണ് കേരള കോൺഗ്രസ് മുറുകെപ്പിടിക്കുന്നതെങ്കിലും 11 സീറ്റ് കൂടിയേ തീരൂവെന്ന നിലപാടാണ് അവർ അവസാനമായി ഉയർത്തുന്നത്. ഒമ്പത് സീറ്റ് നൽകാമെന്ന നിലപാടിൽ കോൺഗ്രസും. കോൺഗ്രസ്‌ 87-ൽനിന്ന് 95-ലേക്കും മുസ്‌ലിം ലീഗ് 24-ൽനിന്ന് 27-ലേക്കും സീറ്റ് വർധിപ്പിച്ചപ്പോൾ ആനുപാതിക വർധന തങ്ങൾക്കും വേണമെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്.

തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, കുട്ടനാട് സീറ്റുകളിൽ ഇരുപാർട്ടികളും തമ്മിൽ കാര്യമായ തർക്കമില്ല. തർക്കം നിലനിൽക്കുന്നതിനാൽ ബുധനാഴ്ച ചേർന്ന യു.ഡി.എഫ്. യോഗത്തിൽ കക്ഷികൾ തമ്മിലുള്ള സീറ്റ് ധാരണ പ്രഖ്യാപിക്കാനായില്ല. മുന്നണി യോഗത്തിനുശേഷം വൈകിയും കേരള കോൺഗ്രസുമായുള്ള ആശയവിനിമയം തുടരുകയാണ്. പി.ജെ. ജോസഫ് കോവിഡ് ബാധിച്ച്‌ വിശ്രമത്തിലായതിനാൽ ചർച്ചയുടെ വിവരം അദ്ദേഹത്തെ ധരിപ്പിച്ച് അംഗീകാരം വങ്ങേണ്ടതുമുണ്ട്. ജോയ് എബ്രഹാം, മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ്‌ എന്നിവരാണ് കേരള കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ചർച്ചകളിൽ പങ്കെടുക്കുന്നത്. കോൺഗ്രസ് ഭാഗത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരുമുണ്ട്‌.