കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് സി.പി.എം. നീങ്ങിയതോടെ കേരള കോൺഗ്രസ് എം. പ്രതിരോധത്തിലായി. പാർട്ടി ചെയർമാൻ ജോസ് കെ.മാണി സ്വീകരിച്ച നിലപാടിനൊപ്പമായിരുന്നു ആദ്യം മുഖ്യമന്ത്രിയും സി.പി.എമ്മും നിന്നത്. പക്ഷേ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബിഷപ്പിന്റെ പ്രസംഗത്തെ തള്ളിപ്പറഞ്ഞു. സി.പി.എമ്മിന്റെ പുതിയ നിലപാട് വന്നതോടെ അണികളോട് സ്ഥിതി വിശദീകരിക്കേണ്ടനിലയിലാണ് കേരള കോൺഗ്രസ് നേതൃത്വം. കത്തോലിക്കാ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എം.

ആരാധനാ മധ്യേ സ്വന്തം വിശ്വാസികളോട് ബിഷപ്പ് സംസാരിച്ചത് സാമൂഹികപ്രശ്നങ്ങളെക്കുറിച്ചാണെന്നും അതിൽ പ്രശ്നമിെല്ലന്നുമായിരുന്നു മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ഇതിനുപിന്നാലെ മന്ത്രി വി.എൻ.വാസവൻ പാലാ ബിഷപ്പ് ഹൗസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബിഷപ്പ് പറഞ്ഞത് സമൂഹത്തിലെ ചില അപകടങ്ങളെക്കുറിച്ച് മാത്രമാണെന്നും അദ്ദേഹത്തിനെതിരേ ആക്ഷേപമുന്നയിക്കുന്നത് ശരിയല്ലെന്നുമാണ് ജോസ് വ്യക്തമാക്കിയത്. ജോസ് കെ.മാണിയും ബിഷപ്പിനെ സന്ദർശിച്ചിരുന്നു.

എന്നാൽ ബിഷപ്പിനെതിരായ വിമർശനം ശക്തമായതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഇതോടെ കേരള കോൺഗ്രസിന്റെ അഭിപ്രായം എന്തെന്ന് ചോദിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പി.സി.ജോർജും രംഗത്തുവന്നു. ബിഷപ്പിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പത്രസമ്മേളനം നടത്തി വ്യക്തമാക്കി. ജോസ് കെ.മാണി ഇടതുമുന്നണിയിൽനിന്ന് രാജിവെക്കണമെന്നാണ് പി.സി.ജോർജ് ആവശ്യപ്പെട്ടത്. ബിഷപ്പിന്റെ പ്രസംഗവിവരം പുറത്തുവന്ന ആദ്യദിവസങ്ങളിൽ നിശ്ശബ്ദതപാലിച്ച കേരള കോൺഗ്രസ് എം. സി.പി.എമ്മുമായി ആശയവിനിമയം നടത്തിയശേഷമാണ് അഭിപ്രായം പറഞ്ഞത്. പാർട്ടി അണികളും രണ്ടാംനിര നേതാക്കളും നേതൃത്വം അഭിപ്രായം പറയുംമുമ്പുതന്നെ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് അരമനയിൽ എത്തിയിരുന്നു. മഹിളാവിഭാഗം സംസ്ഥാന അധ്യക്ഷയും പാലാ നഗരസഭാധ്യക്ഷനുമൊക്കെ ഇക്കൂട്ടത്തിൽവരും.