പത്തനംതിട്ട: അരപ്പതിറ്റാണ്ടിലധികം പ്രവർത്തനപാരന്പര്യമുള്ള കേരള കോൺഗ്രസ് എമ്മിനെ ഹൈജാക്ക് ചെയ്ത് കേരള കോൺഗ്രസ് (ജെ.) എന്നാക്കി മാറ്റാനാണ് ചിലരുടെ ശ്രമമെന്ന് ജോസ് കെ. മാണി എം.പി. പാർട്ടി ചെയർമാനായിരുന്ന കെ.എം. മാണിക്കൊപ്പം നിഴൽപോലെ പ്രവർത്തിച്ച രണ്ടുപേരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. അധികാരസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഈ ഒറ്റുകൊടുക്കൽ.
യഥാർഥ കേരള കോൺഗ്രസ് (എം) ഏതാണെന്നും പാർട്ടി ചെയർമാൻ ആരെന്നതും തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കും. പാർട്ടിചിഹ്നമായ രണ്ടില കൈവശപ്പെടുത്താൻ അർഹതയില്ലാത്ത ചിലർ ശ്രമിക്കുകയാണ്. ഈ നീക്കം തുടർന്നാൽ ആറ് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകാത്ത തരത്തിലുള്ള വിലക്കാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ കേരള കോൺഗ്രസ് (എം.) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ. മാണി.
ഒരുമാസത്തിനുള്ളിൽ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പാർട്ടിയെ മറുഭാഗത്തേക്ക് നയിക്കാനുള്ള ചിലരുടെ ശ്രമം കെ.എം. മാണിയെ മറക്കുന്നതിന് തുല്യമാണ്. ഇത് ഒരിക്കലും അനുവദിക്കില്ല. പാർട്ടി ചിഹ്നം നഷ്ടപ്പെടില്ലെന്നും ഇതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം. രാജു അധ്യക്ഷത വഹിച്ചു.
Content Highlights: kerala congress-jose k mani