തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലേക്കു മാറിയതിന്റെ ഗുണം എൽ.ഡി.എഫിന് ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ. സംസ്ഥാന കൗൺസിൽ. കേരള കോൺഗ്രസും എൽ.ജെ.ഡി.യും മുന്നണി വിട്ടത് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെങ്കിലും അത് എൽ.ഡി.എഫിന് വോട്ടായി മാറിയില്ല. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോട്ടയത്തെ കോട്ടയിൽ പരാജയപ്പെട്ട കേരള കോൺഗ്രസിന് അവരുടെ ശക്തി കാണിക്കാനായില്ലെന്ന് കോട്ടയം ജില്ലയിലെ പ്രതിനിധികളും യോഗത്തിൽ പറഞ്ഞു.

കടുത്തുരുത്തിയിലും പാലായിലും ഇടതുമുന്നണി തോറ്റതോടെ കേരള കോൺഗ്രസിന്റെ ശക്തി ബോധ്യമായി. പാലായിൽ ജോസ് കെ. മാണിയല്ലാതെ നേരത്തേ ഇടതുമുന്നണിയിലുള്ള പാർട്ടിയിലെ ആരെങ്കിലുമാണു മത്സരിച്ചതെങ്കിൽ ജയിക്കുമായിരുന്നു. കേരള കോൺഗ്രസ് വന്നതുകൊണ്ട് കോട്ടയത്ത് മത്സരിക്കുന്ന സീറ്റുകളിലൊന്ന് സി.പി.ഐ.ക്കു നഷ്ടമായി. മത്സരിക്കുന്നതും ജയിക്കുന്നതുമായ സീറ്റുകൾ കുറഞ്ഞുവരുന്നത് സി.പി.ഐ.യെ ക്ഷയിപ്പിക്കാൻ ഇടയാക്കുമെന്നും പ്രതിനിധികൾ പറഞ്ഞു.

2016-ൽ 27 സീറ്റിൽ മത്സരിച്ച സി.പി.ഐ. 19-ൽ വിജയിച്ചു. വിജയശതമാനം 70. 2021-ൽ മത്സരിച്ച സീറ്റുകൾ രണ്ടെണ്ണം കുറഞ്ഞു. വിജയശതമാനം 68.7 ആയി. സിറ്റിങ് സീറ്റുകൾ രണ്ടെണ്ണം നഷ്ടമായി. മുന്നണിയിലേക്ക് പുതിയ കക്ഷികൾ വരുമ്പോൾ നഷ്ടം ഏറ്റുവാങ്ങുന്നത് സി.പി.ഐ.യാണെന്ന് അംഗങ്ങൾ പറഞ്ഞു. സി.പി.എമ്മിന് ഈ പ്രശ്നമില്ല. വോട്ടും വിജയിക്കുന്ന സീറ്റും കൂട്ടാൻ സി.പി.എമ്മിനു കഴിയുന്നുണ്ട്.

സ്ഥാനാർഥി നിർണയത്തിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെ വനിതാ നേതാക്കൾ വിമർശിച്ചു.

കരുനാഗപ്പള്ളി, മൂവാറ്റുപുഴ സിറ്റിങ് സീറ്റുകൾ നഷ്ടമായത് പരിശോധിക്കും. കരുനാഗപ്പള്ളിയിലെ പരാജയം പഠിക്കാൻ കൊല്ലം ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിൽ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ല-മണ്ഡലം കമ്മിറ്റികൾ യോഗംചേർന്ന് പരാജയം പരിശോധിക്കും. രണ്ട് മണ്ഡലങ്ങളിലും സിറ്റിങ് എം.എൽ.എ.മാർക്ക് ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

തോറ്റ ഘട്ടത്തിലല്ല ഇത്തരം വിമർശനമുന്നയിക്കേണ്ടത് എന്നാണ് ഇതിന് കാനം രാജേന്ദ്രൻ നൽകിയ മറുപടി.