തിരുവനന്തപുരം: കേരളകോൺഗ്രസി(എം)ന്റെ പിളർപ്പിന്റെ സാധ്യത പരമാവധി രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ഇടതുമുന്നണി ശ്രമം. കേരള കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ഉമ്മൻചാണ്ടിയുടെ ബുദ്ധിയാണിതെന്ന കോടിയേരി ബാലകൃഷ്ണന്റെ ആദ്യ പ്രതികരണത്തിലെ രാഷ്ട്രീയം ഇതാണ്.
മാണിവിഭാഗവുമായി ലയിക്കുന്നതിനാണ് പി.ജെ. ജോസഫ് ഇടതുമുന്നണി വിട്ടത്. മുന്നണിക്കെതിരേ കടുത്തവാക്കോ ആരോപണമോ ഉന്നയിക്കാതെയാണ് ജോസഫിന്റെ ബന്ധം പിരിയൽ. നിലവിൽ എൽ.ഡി.എഫ്. ഘടകകക്ഷിയായ ജനാധിപത്യ കേരളകോൺഗ്രസ് പഴയ ജോസഫ് ഗ്രൂപ്പുകാരുടെ പാർട്ടിയാണ്.
മാണി-ജോസഫ് ലയനത്തിനുശേഷം മാണിവിഭാഗക്കാരോടുള്ള വിയോജിപ്പാണ് ജനാധിപത്യ കേരളകോൺഗ്രസിന്റെ പിറവിക്ക് കാരണമായത്. ഈ ഘട്ടത്തിലും ജോസഫിനോടുള്ള മൃദുസമീപനം ഇവർ പുലർത്തുന്നുണ്ട്. കേരളകോൺഗ്രസിലെ പുതിയ പിളർപ്പും രാഷ്ട്രീയവടംവലിയും ജനാധിപത്യ കേരള കോൺഗ്രസിലേക്ക് പഴയകാല സഹപ്രവർത്തകരെ അടുപ്പിക്കുമെന്ന കണക്കുകൂട്ടൽ അവർക്കുണ്ട്. പാർട്ടിയിലേക്ക് വന്നില്ലെങ്കിലും ’പാല’യിൽ തുണയ്ക്കുമെന്നാണ് പ്രതീക്ഷ.
content highlights: Kerala Congress (M) spilits