തിരുവനന്തപുരം: ഒക്ടോബർ നാലുമുതൽ കോളേജിൽ ക്ലാസുകൾ ആരംഭിക്കുമ്പോൾ സൗകര്യപ്രദമായ സമയക്രമം തിരഞ്ഞെടുക്കാമന്ന് മന്ത്രി ആർ. ബിന്ദു. ക്ലാസ് നടത്തുന്നതിന് കഴിഞ്ഞവർഷം മൂന്ന് സമയക്രമം നൽകിയിട്ടുണ്ട്. കോളേജ് കൗൺസിലുകൾ ചേർന്ന് ഇതിലൊന്ന് തിരഞ്ഞെടുക്കാം. എട്ടരമുതൽ രണ്ടരവരെയും ഒമ്പതുമുതൽ നാലുവരെയും ഒമ്പതരമുതൽ നാലരവരെയുമാണ് കഴിഞ്ഞവർഷം നൽകിയ സമയക്രമമെന്ന് മന്ത്രി പറഞ്ഞു.

ക്ലാസിൽ ഏതെങ്കിലും വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവായാൽ സമ്പർക്കമുള്ളവർ നിർബന്ധമായും ക്വാറൻറീനിൽ പോകണമെന്ന് പ്രിൻസിപ്പൽമാരുടെ യോഗത്തിൽ തീരുമാനിച്ചു. സ്ഥാപനതലത്തിൽ കോവിഡ് ജാഗ്രതാസമിതികൾ വേണം. വാർഡ് കൗൺസിലർ, ആരോഗ്യ/ആശാ പ്രവർത്തകർ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ അംഗങ്ങളാകണം. ഒരു ഡോസ് വാക്സിൻ ലഭ്യമാക്കാനായി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കും. വാക്‌സിനെടുക്കാത്ത കുട്ടികളുടെ പട്ടിക തയ്യാറാക്കി ആരോഗ്യവിഭാഗവുമായി ബന്ധപ്പെടാൻ സ്ഥാപനമേധാവികൾക്ക് നിർദേശം നൽകി.

വിദ്യാർഥികളുടെ യാത്രയ്ക്ക് പൊതുഗതാഗതം ഉറപ്പാക്കും. സി.എഫ്.എൽ.ടി.സി.കളായി പ്രവർത്തിക്കുന്ന കോളേജുകളും ഹോസ്റ്റലുകളും വിട്ടുതരാൻ കളക്ടർമാരോട് ആവശ്യപ്പെടാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. സെക്ടറൽ മജിസ്‌ട്രേറ്റുമാരായി സേവനം ചെയ്യുന്ന അധ്യാപകരെയും ജീവനക്കാരെയും വിടുതൽ ചെയ്യണമെന്ന് പ്രിൻസിപ്പൽമാർ ആവശ്യപ്പെട്ടു. കോളേജുകൾ തുറക്കുന്നതോടെ ലൈബ്രറി, ലാബ് ഫീസുകൾ അടയ്ക്കണം.

ഒരു ബാച്ച് കോളേജിൽ വരുേമ്പാൾ മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസ് നടത്തണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥാപനതലത്തിൽ തീരുമാനിക്കാം. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ക്ലാസെടുക്കാൻ കഴിയുന്ന ലേണിങ് മാനേജ്‌മെൻറ് സംവിധാനം വികസിപ്പിച്ചെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. അവസാന വർഷ വിദ്യാർഥികൾക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ബാച്ചുകളാക്കി ക്ലാസുകൾ നൽകും -മന്ത്രി പറഞ്ഞു.