തിരുവനന്തപുരം: നാർകോട്ടിക് ജിഹാദെന്ന വാക്ക് ആദ്യമായി കേൾക്കുകയാണെന്നും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏതുസാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ല. ബഹുമാന്യനായ പണ്ഡിതനും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയുമാണ് അദ്ദേഹം. സമൂഹത്തിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. നാർകോട്ടിക് എന്ന വാക്കിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറംചാർത്തിക്കൊടുക്കേണ്ട കാര്യമില്ല. അതിന്റെ നിറം സമൂഹവിരുദ്ധതയാണ്. നാർകോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നം എന്നനിലയിൽ നിയമനടപടികൾ ശക്തമാക്കുകയാണ് ചെയ്തുവരുന്നത്. -മുഖ്യമന്ത്രി പറഞ്ഞു.