തിരുവനന്തപുരം: തിരഞ്ഞെടുപ്പു കമ്മിഷനെതിരേയുള്ള പരാമർശത്തിൽ ടെലിഫോണിൽ വിളിച്ച് ബി.ജെ.പി. അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ക്ഷമാപണം നടത്തിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. തെറ്റിദ്ധരിക്കരുതെന്ന് ശ്രീധരൻപിള്ള ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഒരു ടെലിവിഷൻ ചാനലിലെ അഭിമുഖത്തിനിടെ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയത് ഉദ്യോഗസ്ഥരാണ്. അഭിമുഖത്തിന്റെ സി.ഡി. പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് അയയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെയാണ് ശ്രീധരൻപിള്ള ഫോണിൽ വിളിച്ച് ‘സോറി’ പറഞ്ഞതെന്ന് മീണ വ്യക്തമാക്കി. ഉത്തരവാദിത്വമുള്ള നേതാവിൽനിന്നു ഇത്തരം പരാമർശമുണ്ടാകരുതെന്ന് താൻ നിർദേശിച്ചു.
നേരത്തേ കമ്മിഷനെതിരേ പിള്ളയുടെ പരാമർശങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ പ്രകോപിച്ചിരുന്നു. എന്നാൽ, യോഗം കഴിഞ്ഞതിനുശേഷം തന്നെ തെറ്റിദ്ധരിക്കരുതെന്നു അദ്ദേഹം അഭ്യർഥിച്ചതായും മീണ പറഞ്ഞു. പിള്ള മോശക്കാരനായല്ല, വളരെ നൈസായ ആളായാണ് തനിക്ക് തോന്നിയത്. ഏതു നേതാവിൽ നിന്നായാലും ഇത്തരം സമീപനം അംഗീകരിക്കാനാവില്ല. എല്ലാവരുമായും സൗഹാർദത്തിൽ പോകാനാണ് ആഗ്രഹം. ചീത്ത വിളിച്ചാൽ വെറുതേയിരിക്കാനാവില്ല. പറയുന്നത് വ്യക്തിപരമായി കാണുകയുമില്ല. നേതാക്കൾ അവരുടെ രാഷ്ട്രീയശത്രുക്കളെപ്പറ്റി പറയട്ടെ. കമ്മിഷനെ അധിക്ഷേപിക്കുന്നതെന്തിനാണ്. ഓഫീസിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ തങ്ങൾക്ക് ഉത്തരവാദിത്വമുണ്ട് -മീണ പറഞ്ഞു.
മീണയും നിയമത്തിന് അതീതനല്ല
വോട്ടെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ തിരഞ്ഞെടുപ്പ് ഓഫീസറുടെ ചില പരാമർശങ്ങളോട് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വ്യാജപ്രചാരണത്തിനുമെതിരേ നിയമപരമായി എന്തു ചെയ്യണമെന്നു പൂർണബോധ്യമുണ്ട്. തന്നെപ്പോലെ മീണയും നിയമത്തിന് അതീതനല്ല.
-പി.എസ്. ശ്രീധരൻപിള്ള, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ
Content Highlights: kerala chief electoral officer tikaram meena says ps sreedharan pillai made apology on his comment