പാലക്കാട്: ‘ശ്വാസകോശം സ്പോഞ്ചുപോലെയാണെ’ന്നറിയാത്ത മലയാളിയുണ്ടാവില്ല. നിരോധനവും ബോധവത്കരണവുമെല്ലാം ഫലം കാണുന്നെന്ന് കണക്കുകൾ പറയുന്പോഴും കേരളത്തിൽ പുകയില ഉപയോഗംകൊണ്ടുള്ള അർബുദബാധിതരുടെ എണ്ണം കുറയുന്നില്ല.

പുരുഷന്മാരിലെ അർബുദങ്ങളിൽ 38 ശതമാനത്തിനും പുകയിലയാണ് കാരണമെന്ന് തിരുവനന്തപുരം ആർ.സി.സി.യിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ. ജയകൃഷ്ണൻ പറഞ്ഞു. ഇതിൽ 70 ശതമാനം പേരും പുകവലികൊണ്ടാണ് രോഗബാധിതരാകുന്നത്.

പുകവലികാരണം 15 ഇനം അർബുദങ്ങളാണുണ്ടാകുന്നത്. ശ്വാസകോശം, തൊണ്ട, വായ എന്നിവയെ ബാധിക്കുന്ന അർബുദത്തിനാണ് കൂടുതൽ പുരുഷൻമാർ ചികിത്സതേടുന്നതെന്നും ഡോക്ടർ പറഞ്ഞു.

ഞെട്ടിക്കുന്ന കണക്കുകൾ

* കഴിഞ്ഞവർഷം പൊതുസ്ഥലങ്ങളിൽ പുകവലിച്ചതിന് പോലീസ് പിടിയിലായത് 80,122 പേർ. ഇവരിൽനിന്ന് പിഴയായി ഈടാക്കിയത് 1.59 കോടി രൂപ.

* പൊതുസ്ഥലങ്ങളിൽ കൂടുതൽപേർ പുകവലിച്ചതിന്റെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്. തിരുവനന്തപുരം നഗരത്തിൽ 9299 പേരും എറണാകുളം നഗരപരിധിയിൽ 7479 പേരും കോഴിക്കോട്ട് 6159 പേരും പിഴയൊടുക്കി.

* ആറുവർഷത്തിനിടെ പൊതുസ്ഥലത്ത് പുകവലിക്ക് പിടിയിലായത് എട്ടുലക്ഷം പേർ.

പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിട്ട് 21 വർഷം

1999 ജൂലായ് 12-നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പൊതുസ്ഥലത്തെ പുകവലി നിരോധിച്ചത്. ഗ്ലോബൽ അഡൽട്ട് ടുബോക്കോ സർവേ പ്രകാരം 2009-10ൽ 21.4 ശതമാനം പേർ പുകയില ഉപയോഗിച്ചിരുന്നു. 2016-17ൽ 12.7 ശതമാനമായി കുറഞ്ഞു. അതിനുശേഷം കൃത്യമായ പഠനങ്ങൾ നടന്നില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ വരവോടെ നിയമം ലംഘിക്കുന്നവരുടെ എണ്ണം കൂടി.

പരോക്ഷ പുകവലിക്കാർ

ബോധപൂർവമല്ലാതെ പുക ശ്വസിക്കുന്നവരാണ് പരോക്ഷ പുകവലിക്കാർ അഥവാ പാസീവ് സ്മോക്കേഴ്‌സ്. പുകയിലയുമായി ബന്ധപ്പെട്ട മരണത്തിൽ 10 ശതമാനത്തോളം പാസീവ് സ്മോക്കിങ് കാരണമാണ്. പുകവലിക്കാരുടെ അടുത്തിരിക്കുന്നവർക്ക് ശ്വാസകോശാർബുദത്തിന് 80 ശതമാനത്തിലധികം സാധ്യതയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ വർഷംതോറും 70 ലക്ഷത്തിലധികം പേരാണ് പുകയില ഉപയോഗംകൊണ്ട് മരിക്കുന്നത്.

Content Highlights: Kerala cancer and smoking