തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാരിന്റെ നയങ്ങൾക്കും വികസന മുന്നേറ്റത്തിനും ജനക്ഷേമ പ്രവർത്തനത്തിനുമുള്ള അംഗീകാരമാണ് ജനവിധിയെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ.

യു.ഡി.എഫിന്റെ നിഷേധാത്മകവും ജനവിരുദ്ധവുമായ നിലപാട് കേരളജനത തള്ളിക്കളഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് ജനവിധി കനത്തപ്രഹരം ഏൽപ്പിച്ചിരിക്കുകയാണ്. ഇനിയെങ്കിലും കഴമ്പില്ലാത്ത ആരോപണമുന്നയിക്കുന്നത് അദ്ദേഹം നിർത്തണമെന്നും വിജയരാഘവൻ പറഞ്ഞു.

സർക്കാരിനെതിരായ ജനവികാരം -രമേശ് ചെന്നിത്തല

ഇടതുസർക്കാരിനെതിരേ ശക്തമായ ജനവികാരം നിലനിൽക്കുന്നുവെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി. കേരളത്തിൽ തകർന്നടിഞ്ഞു. അരൂരിൽ യു.ഡി.എഫിനുണ്ടായത് തിളക്കമാർന്ന വിജയമാണ്. കോൺഗ്രസിന്റെ കൈയിലുണ്ടായിരുന്ന കോന്നിയും വട്ടിയൂർക്കാവും നഷ്ടപ്പെട്ടതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തും. 28-ന് കന്റോൺമെന്റ് ഹൗസിൽ ചേരുന്ന യു.ഡി.എഫ്. യോഗം ഇക്കാര്യം വിശദമായി ചർച്ചചെയ്യും. എൻ.എസ്.എസ്. യു.ഡി.എഫിന് പിന്തുണപ്രഖ്യാപിച്ചിട്ടില്ല, ശരിദൂരമാണ് അവർ പ്രഖ്യാപിച്ചത്. ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരേ അതിശക്തമായ ജനവികാരം ദൃശ്യമാവുകയാണ്. കോൺഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കി. ഇത് ദേശീയതലത്തിൽ പാർട്ടിയുടെ തിരിച്ചുവരവിന്റെ വ്യക്തമായ സൂചനയാണ്.

രാഷ്ട്രീയകാലാവസ്ഥ മാറി -കോടിയേരി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലെ രാഷ്ട്രീയകാലാവസ്ഥ മാറിയെന്നതാണ് ഉപതിരഞ്ഞെടുപ്പുഫലം നൽകുന്ന സന്ദേശമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്. പ്രതിപക്ഷത്തിന്റെ വികസനവിരുദ്ധതയ്ക്കും നശീകരണ മനോഭാവത്തിനും ജനങ്ങൾ നൽകിയ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക ധ്രുവീകരണം നടത്താൻ എൻ.എസ്.എസ്. നടത്തിയ ശ്രമം ജനം തള്ളി. സാമുദായികസംഘടനകളോടു സി.പി.എമ്മിനു ശത്രുതാ മനോഭാവമില്ല -അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.ക്ക്‌ നേട്ടം-ശ്രീധരൻപിള്ള

വട്ടിയൂർക്കാവ് മണ്ഡലത്തെ അടിസ്ഥാനമാക്കി മാത്രം ഫലം ചർച്ചചെയ്യരുതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി.ക്ക് വോട്ട് കൂടുതൽ കിട്ടുകയാണുണ്ടായത്. വട്ടിയൂർക്കാവിൽ ഇരുമുന്നണികളുടെയും കുപ്രചാരണംമൂലം പരമ്പരാഗതമായി ലഭിച്ചിരുന്ന ചില സാമുദായികവോട്ടുകൾ കുറഞ്ഞു. വോട്ട് കുറഞ്ഞതിനെക്കുറിച്ച് ഗൗരവപരമായി ചിന്തിക്കേണ്ടതാണ്. വിജയത്തിനായി മുന്നണികൾ കുറുക്കുവഴികൾ തേടുകയാണ്. ബി.ജെ.പി.യെ നെഗറ്റീവ് ആയി കാണിക്കുന്ന അജൻഡ മുന്നണികൾക്ക് മാറ്റേണ്ടിവരും -അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. കണക്കുകൂട്ടൽ പൊളിഞ്ഞു -കാനം

എൽ.ഡി.എഫിന്റേത് അഭിമാനകരമായ നേട്ടമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് സ്ഥിരനിക്ഷേപമായി കരുതി ഉപതിരഞ്ഞെടുപ്പുകളിലും വിജയിക്കാമെന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടലാണ് പൊളിഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ട് വർധിച്ചത് എൽ.ഡി.എഫിനു മാത്രമാണ്. അരൂരിൽ എൽ.ഡി.എഫ്. സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടത് വിശദമായി പരിശോധിക്കും.

അരൂരിലേത് ചരിത്രവിജയം -മുല്ലപ്പള്ളി

അരൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ നേടിയത് ചരിത്രവിജയമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അരനൂറ്റാണ്ടിനു ശേഷമാണ് അരൂരിൽ ഒരു കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്നത്. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെപേരിൽ മേനിപറയുന്ന സി.പി.എമ്മിന് ഒന്നും അവകാശപ്പെടാനില്ല. ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണ ഒരിക്കൽകൂടി വെളിവാക്കുന്ന ഫലമാണ് വട്ടിയൂർക്കാവിലേത്. ജനവിധിയെ മാനിക്കുന്നു -അദ്ദേഹം പറഞ്ഞു.

ഭരണമികവിനുള്ള അംഗീകാരം -വീരേന്ദ്രകുമാർ

ഇടതുമുന്നണി സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾക്കും മതനിരപേക്ഷ നിലപാടിനുമുള്ള അംഗീകാരമാണ് ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിച്ചതെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി.

എൽ.ഡി.എഫിന്റെ ജനകീയാടിത്തറ വികസിച്ചതിന്റെ സൂചനയാണ് വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായ വിജയം. പാലാ ഉൾപ്പെടെ ആറു മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ജയിക്കാൻ എൽ.ഡി.എഫിനു സാധിച്ചു. കേരളത്തിൽ ഭരണത്തുടർച്ച ജനം ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സന്ദേശമാണിത്. വിഭാഗീയത വളർത്താനുള്ള ബി.ജെ.പി. ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിനൽകാൻ വോട്ടർമാർ മറന്നില്ല. മഹാരാഷ്ട്രയിലും ഹരിയാണയിലും ബി.ജെ.പി.ക്ക് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാൻ കഴിയാത്തത് മതേതര, ജനാധിപത്യ ശക്തികളുടെ പ്രസക്തി ദേശീയരാഷ്ട്രീയത്തിൽ വർധിച്ചതിന്റെ തെളിവാണ്. ഇത് പ്രതിപക്ഷത്തിനും ഇന്ത്യൻ ജനാധിപത്യത്തിനും ആശ്വാസവും പ്രതീക്ഷയും നൽകുന്നു.

മഹാരാഷ്ട്രയിൽ 2014-ൽ ലഭിച്ചതിനെക്കാൾ 26 സീറ്റാണ് ബി.ജെ.പി.-ശിവസേന സഖ്യത്തിന് നഷ്ടപ്പെട്ടത്. ഹരിയാണയിൽ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കാനുള്ള സംഖ്യ തികയ്ക്കാൻ ബി.ജെ.പി.ക്ക് സാധിച്ചില്ല. ഗുജറാത്തിലും യു.പി.യിലും പഞ്ചാബിലും ബി.ജെ.പി.ക്ക്‌ കനത്ത തിരിച്ചടിയാണു നേരിടേണ്ടിവന്നത് -വീരേന്ദ്രകുമാർ പറഞ്ഞു.

യു.ഡി.എഫിന്റെ ജനകീയാടിത്തറ തകർന്നു - ശ്രേയാംസ് കുമാർ

യു.ഡി.എഫിന്റെ ജനകീയാടിത്തറയിൽ കനത്ത വിള്ളലുണ്ടായി എന്നതിന്റെ തെളിവാണ് അവരുടെ ശക്തികേന്ദ്രമായ കോന്നിയിലും വട്ടിയൂർക്കാവിലും നേരിടേണ്ടിവന്ന ദയനീയ പരാജയമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. നേരത്തേ പാലായിലും ഇതു വ്യക്തമായതാണ്. ഇടതുമുന്നണിയുടെ മതനിരപേക്ഷ നിലപാടിനൊപ്പമാണ് കേരളമെന്ന് ഫലം വ്യക്തമാക്കുന്നു. ഇടതുസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കുള്ള സ്വീകാര്യതയാണ് വോട്ടർമാരുടെ പ്രതികരണത്തിൽ കാണുന്നത്. മഹാരാഷ്ട്രയിലെയും ഹരിയാണയിലെയും ഫലം ബി.ജെ.പി. വോട്ടുബാങ്കിലുണ്ടായ ചോർച്ചയാണ് വ്യക്തമാക്കുന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

സമുദായസംഘടനകൾക്കുള്ള പാഠം -വെള്ളാപ്പള്ളി

ഉപതിരഞ്ഞെടുപ്പ് ഫലം സമുദായസംഘടനകൾ പാഠമാക്കണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരുസമുദായം ഏതെങ്കിലും മുന്നണിയെ പിന്തുണച്ചാൽ മറ്റുള്ളവർ ഒറ്റക്കെട്ടായിനിന്ന് ആ സ്ഥാനാർഥിയെ തോൽപ്പിക്കും. കോന്നിയിലും വട്ടിയൂർക്കാവിലും സമുദായനേതാവിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണുണ്ടായത്. എൻ.എസ്.എസിന്റെ അടിമയാകാൻ പോയതാണ് കോൺഗ്രസിന്റെ ദയനീയാവസ്ഥയ്ക്കുകാരണം. നിലപാടൊന്നും സ്വീകരിക്കാത്തതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ എസ്.എൻ.ഡി.പി.ക്ക് ഒരു അവകാശവാദവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേതൃത്വത്തിനുള്ള പാഠം -കെ. സുധാകരൻ

രണ്ട് സിറ്റിങ് സീറ്റിൽ യു.ഡി.എഫിനുണ്ടായ കനത്ത പരാജയം കോൺഗ്രസ് നേതൃത്വത്തിന്റെ പരാജയമാണെന്ന് കെ. സുധാകരൻ എം.പി. എൽ.ഡി.എഫിന്റെ വിജയമല്ല, മറിച്ച് യാഥാർഥ്യത്തോട് കണ്ണുതുറക്കാത്ത നേതൃത്വത്തിന്റെ പരാജയമാണിത്. ഈ പരാജയം കോൺഗ്രസ് പിടിച്ചുവാങ്ങിയതാണ്. അതുകൊണ്ടുതന്നെ പാർട്ടിക്കുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റാണ്. പരാജയത്തിന്റെ പിന്നാമ്പുറം പാർട്ടി പഠിക്കണം.

പരാജയം പരിശോധിക്കണം -വി.എം. സുധീരൻ

യു.ഡി.എഫ്. കാലങ്ങളായി വിജയിച്ചുവരുന്ന കോന്നിയിലെയും വട്ടിയൂർക്കാവിലെയും പരാജയത്തിൽ വസ്തുനിഷ്ഠമായ പരിശോധന നടത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്ന നിലയിൽ ഫലപ്രദമായ തുടർനടപടികളും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.ഡി.എഫിനുള്ള സന്ദേശം -കുഞ്ഞാലിക്കുട്ടി

ഉപതിരഞ്ഞെടുപ്പുഫലം ഒരേസമയം യു.ഡി.എഫിനുള്ള സന്ദേശവും ദേശീയ രാഷ്ട്രീയത്തിൽ ചൂണ്ടുപലകയുമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഐക്യത്തോടെ നിന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്നാണ് ഈ വിജയം നൽകുന്ന സന്ദേശം -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ്. വിജയത്തിൽ അഭിനന്ദിക്കുന്നു -ഹൈദരലി ശിഹാബ് തങ്ങൾ

യു.ഡി.എഫ്. വിജയത്തിൽ എല്ലാ ജനാധിപത്യ വിശ്യാസികളെയും അഭിനന്ദിക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. പ്രത്യേകിച്ചും മഞ്ചേശ്വരം മണ്ഡലത്തിലെ വിജയം. ഫാസിസ്റ്റ് ശക്തികളെ കേരളത്തിലേക്കു കടക്കാതെ എന്നും കാത്തുസൂക്ഷിച്ചത് മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങളാണ്. ആ മണ്ഡലത്തിലെ വിവിധ മതക്കാരും ഭാഷക്കാരുമായ ജനങ്ങൾ തികഞ്ഞ മതേതര വിശ്വാസികളാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. കാലാകാലങ്ങളായി യു.ഡി.എഫ്. വിജയിക്കുന്ന മണ്ഡലങ്ങളിലെ പരാജയകാരണങ്ങൾ യു.ഡി.എഫ്. ചർച്ചചെയ്യും -അദ്ദേഹം പറഞ്ഞു.

content highlights: kerala by election result